23 September Wednesday

ജവഹർ കോളനിയിലും കടവൂരും ആളുകളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


കോതമംഗലം
പേമാരിയിൽ പെരിയാറും കാളിയാറും കോതമംഗലം പുഴയും കുരൂർത്തോടും പുഴയുടെ കൈവഴികളും നിറഞ്ഞുകവിഞ്ഞു. കോതമംഗലം താലൂക്കിൽ 100 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായി. കോതമംഗലം നഗരത്തിലെ പ്രധാന റോഡുകളിൽ ഉണ്ടായ വെള്ളക്കെട്ടിൽ ഗതാഗതതടസ്സം നേരിട്ടു. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് നദീതീരപ്രദേശങ്ങളിലും വെള്ളം കയറിയതോടെ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലായി. ഏത്തവാഴ, കപ്പ, മഞ്ഞൾ, ഇഞ്ചി, പൈനാപ്പിൾ  കൃഷിയിടങ്ങളും വെള്ളത്തിലായി. വ്യാഴാഴ്ച വൈകിട്ടോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്. താലൂക്കിൽ പലയിടത്തും വൈദ്യുതിയും നിലച്ചിരിക്കുകയാണ്.

കോതമംഗലം ടൗണിലെ വിവിധ ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. തങ്കളത്തും ഗവൺമെന്റ് ആശുപത്രിപ്പടിയിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കോതമംഗലം മൂവാറ്റുപുഴ റോഡിൽ ആനച്ചിറ പെട്രോൾ പമ്പിന് സമീപത്തും റോഡ് വെള്ളത്തിലായി. പ്രധാന റോഡുകളിൽ യാത്ര തടസ്സപ്പെട്ടതോടെ ടൗണിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. മലയിൻകീഴിലും ബ്ലോക്ക് ഓഫീസ് റോഡിൽ കോടതിക്ക് സമീപത്തും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കുരൂർത്തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ രാത്രിയിൽ തങ്കളം ജവഹർ കോളനിയിലെ 32 വീടുകളിലേക്ക് വെള്ളം കയറി.

കുട്ടമ്പുഴ മണികണ്ഠൻചാലിൽ 30 വീടുകളിലും തൃക്കാരിയൂർ സൊസൈറ്റിപ്പടി, ഗവ. എൽപി സ്കൂൾ, പഴയ പോസ്‌റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലായി 20 വീടുകളിലും വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണി മുന്നിൽക്കണ്ട് വീടുകളിൽനിന്ന് വൈകിട്ടുമുതൽ സാധനങ്ങൾ മാറ്റിത്തുടങ്ങിയിരുന്നു. ജവഹർ കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കോതമംഗലം ടൗൺ യുപി സ്കൂളിലും തങ്കളം ഐഎംഎ ഹാളിലും രാത്രി എട്ടോടെ ക്യാമ്പ് തുടങ്ങി. 60 വയസ്സ് കഴിഞ്ഞവരെ ഐഎംഎ ഹാളിലും മറ്റുള്ളവരെ ടൗൺ യുപി സ്കൂൾ ക്യാമ്പിലേക്കുമാണ് മാറ്റിയത്.

മണികണ്ഠൻചാലിലുള്ള കുടുംബങ്ങളിലെ പലരും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് അഭയം തേടിയത്. മണികണ്ഠൻചാലിൽ ഡിസ്കോപ്പടി, മാർത്തോമ ചർച്ച് ഭാഗത്ത് ഉച്ചയോടെ വെള്ളം കയറിയിരുന്നു.
കുത്തുകുഴി -അടിവാട് റോഡിൽ കുടമുണ്ട പാലത്തിലും വെള്ളം കയറി. കടവൂർ നാലാം ബ്ലോക്കിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ പ്രദേശത്തെ 38 കുടുംബങ്ങളെ കടവൂർ ഗവ. വിഎച്ച്സി സ്കൂളിലെ രണ്ട് ക്യാമ്പുകളിലേക്ക്‌ മാറ്റി. ബന്ധുവീടുകളിലേക്ക്‌ മാറണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിട്ടും അതിന് സാധിക്കാത്തവരെ കടവൂർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സമാന സാഹചര്യമുള്ള നേര്യമംഗലത്തും ഏതാനും വീട്ടുകാർ ഭീതിയിലാണ്. ഇവർക്കായും ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിക്കും. കഴിഞ്ഞവർഷങ്ങളിൽ പ്രളയമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top