ചക്കരക്കടവ് ഗവ. എൽപി സ്‌കൂൾ കെട്ടിടനിർമാണം നിലച്ചിട്ട് 3 വർഷം
വൈപ്പിൻ
ഒരുകോടി രൂപയുടെ എസ്‌റ്റിമേറ്റിൽ ചെറായി ചക്കരക്കടവ് ഗവ. എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പണി നിലച്ചിട്ട് മൂന്നുവർഷം. പൊതുമരാമത്തുവകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച പണി കരാറുകാരൻ നഷ്ടമാണെന്ന് പറഞ്ഞ് നിർത്തിവയ്ക്കുകയായിരുന്നു.
എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണമായിരുന്നു. ഒരുകോടി പോരാതെവന്നപ്പോൾ 30 ലക്ഷം രൂപകൂടി കൂടുതൽ അനുവദിച്ചുനൽകിയിട്ടും പണി പൂർത്തിയാക്കാൻ കരാറുകാരൻ തയ്യാറായില്ല. കെട്ടിടത്തിൽ മൂന്നു മുറികളാണുള്ളത്. 2021ലാണ് നിർമാണം തുടങ്ങിയത്. മുൻ എംഎൽഎ എസ് ശർമയുടെ കാലത്ത് അനുവദിച്ച ഫണ്ടാണ് ഇത്. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ആയശേഷമാണ് 30 ലക്ഷംകൂടി അനുവദിച്ചത്. സ്‌കൂളിലെ നിലവിലുള്ള ഓടിട്ട കെട്ടിടത്തിന് നൂറുവർഷത്തോളം പഴക്കമുണ്ട്. അതിനുപകരമാണ് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്.
0 comments