ഉദയംപേരൂർ
ബാങ്ക് ജപ്തി നേരിട്ട സഹപാഠിയുടെ വീട് തിരിച്ചുകിട്ടാൻ പൂർവവിദ്യാർഥികൾ കൈകോർത്തപ്പോൾ സുനിതയ്ക്ക് ആശ്വാസം. എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 1995 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയാണ് മേക്കര ഓളിപ്പറമ്പിൽ സുനിതയ്ക്ക് കെവിട്ടുപോകുമെന്നുകരുതിയ വീടിന്റെ കടബാധ്യത തീർത്ത് ആധാരം തിരിച്ചെടുത്തു നൽകിയത്. വീടുപണിയാൻ സുനിത വായ്പ എടുത്തിരുന്നു. അസുഖംമൂലം സുനിതയ്ക്കും ഭർത്താവ് ലാലുവിനും ജോലിക്ക് പോകാനാകാതായതോടെ വായ്പ തിരിച്ചടവ് മുടങ്ങി. 4,30,000 രൂപയുടെ കുടിശ്ശിക ഉണ്ടായതോടെ ബാങ്ക് ജപ്തി നടപടി ആരംഭിച്ചു.
ഇതോടെയാണ് സഹപാഠികൾ സഹായവുമായി എത്തിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലുമായി നടത്തിയ ചർച്ചയിൽ പലിശ ഒഴിവാക്കാൻ തയ്യാറായതോടെ രണ്ട് ലക്ഷം രൂപ നൽകിയാണ് ആധാരം തിരിച്ചെടുത്ത് നൽകിയത്. തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷ രമ സന്തോഷ് സുനിതയ്ക്ക് ആധാരം കൈമാറി. അധ്യാപകനായിരുന്ന പി ആർ മണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായർ, പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, സ്കൂൾ പ്രിൻസിപ്പൽ ഇ ജി ബാബു, ഡി ജിനുരാജ്, പി എസ് അമ്മിണി, ബിനു വിശ്വം, കെ ആർ ബൈജു, സജീവ് സാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..