06 December Tuesday

അന്നും ഉല്ലാസയാത്ര; 
നഷ്‌ടമായത്‌ 15 കുരുന്നുകളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022



കൊച്ചി
അന്നും ഉല്ലാസയാത്രയാണ്‌ അവസാന യാത്രയായത്‌. 15 കുരുന്നുകളുൾപ്പെടെ 18 പേർ തടാകത്തിന്റെ കാണാക്കയങ്ങളിൽ  ജീവിതത്തിൽനിന്നു മറഞ്ഞു. വീണ്ടുമൊരു ഉല്ലാസയാത്ര ഹൃദയം പിളർത്തുമ്പോൾ 15 വർഷംമുമ്പുണ്ടായ നടുക്കം വീണ്ടും എറണാകുളത്തിന്റെ മനസ്സിൽ.
അങ്കമാലി എളവൂർ സെന്റ്‌ ആന്റണീസ് സ്കൂളിൽനിന്ന്‌ വിനോദയാത്രയ്ക്കു പോയ 15 വിദ്യാർഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അന്ന്‌ മരിച്ചത്‌. തട്ടേക്കാട്‌ പക്ഷിസങ്കേതം കാണാൻ കൊണ്ടുപോയതായിരുന്നു കുട്ടിളെ. 2007 ഫെബ്രുവരി 20ന്‌ തട്ടേക്കാട് ഭൂതത്താൻകെട്ട് അണക്കെട്ടിനുസമീപം ബോട്ട് മുങ്ങിയാണ്‌ 18 പേർ മരിച്ചത്‌. അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ ഇവരുൾപ്പെടെ 37 പേർ യാത്ര ചെയ്തിരുന്നു.

ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം എന്ന് അന്വേഷത്തിൽ വ്യക്തമായിരുന്നു. എന്നാൽ, ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബോട്ടുടമ വാദിച്ചു. അപകടത്തിൽപ്പെട്ട ശിവരഞ്ജിനി എന്ന ഫൈബർ ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നു എന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. ബോട്ടുടമ പി എം രാജുവിനെ എറണാകുളം അഡീഷണൽ സെഷൻസ്‌ കോടതി അഞ്ചുവർഷത്തെ കഠിനതടവിനും ഒന്നരലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചുവരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചത്‌. ആറുപേരെമാത്രം കയറ്റാൻ അനുവാദമുള്ള ബോട്ടിൽ മുപ്പതിലധികംപേരെ കയറ്റിയാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞുകൊണ്ട് ചെയ്തതിനാൽ പ്രതിക്ക് അഞ്ച്‌ വർഷം കഠിനതടവ്‌ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. തട്ടേക്കാട് ബോട്ട് ദുരന്തത്തിന് കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത്പിള്ള കമീഷൻ റിപ്പോർട്ട് നൽകിയിരുന്നു. 2021ൽ ബോട്ടുടമയുടെ അപ്പീലിൽ കഠിനതടവ്‌ ഹൈക്കോടതി രണ്ട് വർഷമാക്കി കുറച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top