Deshabhimani

കണ്ണുകെട്ടിയും പിരാമിൻക്സ് ക്യൂബ് സോൾവ് ചെയ്ത് അഗൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 01:27 AM | 0 min read


പറവൂർ
പിരാമിൻക്സ് ക്യൂബിൽ അത്ഭുതങ്ങൾ കൊയ്തെടുക്കുകയാണ് അഗൻ മനോജ്. സെക്കൻഡുകൾകൊണ്ടാണ് റൂബിക്സ് ക്യൂബ് ഈ ഒമ്പതാംക്ലാസുകാരൻ സോൾവ് ചെയ്തെടുക്കുന്നത്. ഇത്തരം വേറിട്ട പ്രവർത്തനങ്ങളിലൂടെ ലോക റെക്കോഡ് നേടിയവരുടെ കാര്യങ്ങൾ നന്നേ ചെറുപ്പത്തിൽ സഹോദരിയിൽനിന്നാണ് അഗൻ അറിയുന്നത്. നന്ത്യാട്ടുകുന്നം ആലുങ്കൽ മനോജിന്റെയും സ്വപ്‌നയുടെയും മകനായ അഗൻ, കിഴക്കേപ്രം ലിറ്റിൽ ഹാർട്സ് സ്കൂൾ വിദ്യാർഥിയാണ്. കോവിഡ്കാലത്താണ് യൂട്യൂബിൽനിന്ന് റൂബിക്സ് ക്യൂബിനെക്കുറിച്ച് മനസ്സിലാക്കുന്നത്. യൂട്യൂബ് നോക്കി ചതുരാകൃതിയിലുള്ള സാധാരണ ക്യൂബ് സോൾവ് ചെയ്യാനാണ് ആദ്യം പഠിച്ചത്. പിന്നീട് പലതരം ക്യൂബുകൾ പരിഹരിച്ചുതുടങ്ങി.

പിരമിഡിന്റെ ആകൃതിയിലുള്ള "പിരാമിൻക്‌സ്' റൂബിക്‌സ് ക്യൂബ് 15 മിനിറ്റുകൊണ്ട് 99 തവണ സോൾവ്‌ ചെയ്‌താണ് വിവിധ റെക്കോഡുകൾ സ്വന്തമാക്കിയത്. 15 മിനിറ്റുകൊണ്ട് 63 തവണ സോൾവ് ചെയ്ത മുൻ റെക്കോഡാണ് അഗൻ മിന്നുംപ്രകടനത്തിലൂടെ തകർത്തത്.

3x3, 2x2 സ്‌ക്വയർ ക്യൂബ്സ്, 12 വശങ്ങളുടെ മെഗാ മിനിക്‌സ് ക്യൂബ്, 21 x 21 റൂബിക്സ് ക്യൂബ് എന്നിവയെല്ലാം ഞൊടിയിടയിൽ സോൾവ് ചെയ്യും. പിരാമിൻക്‌സ് ക്യൂബ് ഒരുതവണ സോൾവ് ചെയ്യാൻ അഞ്ച് സെക്കൻഡിൽതാഴെ സമയംമാത്രം എടുക്കുന്ന അഗൻ, എങ്ങനെയൊക്കെ തെറ്റിച്ചുകൊടുത്താലും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ നേരെയാക്കും. കണ്ണുകെട്ടിയും അഗൻ പിരാമിൻക്സ് ക്യൂബ് സോൾവ് ചെയ്യും. എല്ലാത്തരം ക്യൂബുകളും ഇനിയും കുറഞ്ഞ വേഗത്തിൽ പരിഹരിക്കാനുള്ള പരിശീലനത്തിലാണ്. ഒരുമണിക്കൂർകൊണ്ട് പരമാവധി വേഗത്തിൽ സോൾവ് ചെയ്യുക എന്നതാണ് അഗന്റെ പുതിയ ലക്ഷ്യം. ഡോ. ആഗ്നയാണ് സഹോദരി.



deshabhimani section

Related News

0 comments
Sort by

Home