09 October Wednesday

യുഡിഎഫിൽ പോര്‌ ; പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024



പിറവം
യുഡിഎഫ്‌ ഭരിക്കുന്ന പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു. പ്രസിഡന്റ്‌ കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ്‌ കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗത്തിലെ രാധ നാരായണൻകുട്ടി എന്നിവരാണ് വെള്ളിയാഴ്‌ച സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്. പഞ്ചായത്തുഭരണം നിശ്ചലമാക്കി മുന്നണിയിൽ ദീർഘകാലമായി തുടരുന്ന ചേരിപ്പോരിന്റെ തുടർച്ചയാണ്‌ രാജി.

കോൺഗ്രസും ജേക്കബ് ഗ്രൂപ്പും ചേർന്ന്‌ ഭരണത്തിലെത്തിയതുമുതൽ അധികാരവടംവലിയും തമ്മിലടിയും തുടങ്ങി. യുഡിഎഫ്‌ ഭരിക്കുന്ന പാമ്പാക്കുട സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക്‌ ആഗസ്‌തിൽ നടന്ന തെരഞ്ഞെടുപ്പോടെ തർക്കം രൂക്ഷമായി. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച്‌ വിജയിച്ചവരിൽ നാലുപേരെ ഔദ്യോഗികപക്ഷം പാർടി സ്ഥാനങ്ങളിൽനിന്ന്‌ പുറത്താക്കി. 

കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ എബി എൻ ഏലിയാസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ടി യു രാജു കോൽപ്പാറ, പാമ്പാക്കുട മണ്ഡലം സെക്രട്ടറി ജിജി പോൾ, സി എസ് സാജു എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. കോൺഗ്രസിലെ ഒന്നാംവാർഡ് മെമ്പർ ജയന്തി മനോജും ജേക്കബ് ഗ്രൂപ്പ് നേതാവും രണ്ടാംവാർഡ് മെമ്പറുമായ ഫിലിപ്പ് ഇരട്ടയാനിക്കലും വിമത പാനലിൽ ജയിച്ചെങ്കിലും പഞ്ചായത്തുഭരണം നഷ്ടപ്പെടുമെന്നതിനാൽ ഇവർക്കെതിരെ നടപടിയെടുത്തില്ല. ഈ അവസരം മുതലെടുത്ത്‌ വിമതപക്ഷം നടത്തിയ നീക്കമാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും വൈസ്‌ പ്രസിഡന്റിന്റെയും രാജിയിൽ കലാശിച്ചത്‌.

ജേക്കബ് വിഭാഗത്തിലെ ബ്ലോക്ക് പഞ്ചായത്ത്‌ അംഗവും കോൺഗ്രസിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളുമാണ് യുഡിഎഫ് ഔദ്യോഗിക പാനലിൽ മത്സരിച്ച് തോറ്റത്. പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർക്കാനാകാത്തവിധം പ്രസിഡന്റും യുഡിഎഫ് അംഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. കഴിഞ്ഞമാസം രണ്ടുതവണ കമ്മിറ്റി നിശ്ചയിച്ചെങ്കിലും ചേരാനായില്ല. പോര്‌ പഞ്ചായത്തിലെ വികസന, ക്ഷേമ പദ്ധതികളെയും ദൈനംദിനപ്രവർത്തനങ്ങളെയും ബാധിച്ചതോടെ എൽഡിഎഫ് സമരം ആരംഭിച്ചിരുന്നു. 13 അംഗ ഭരണസമിതിയിൽ യുഡിഎഫിന്‌ ഒമ്പതും എൽഡിഎഫിന്‌ നാലും അംഗങ്ങളുണ്ട്‌. യുഡിഎഫിൽ കോൺഗ്രസിന്‌ ആറും ജേക്കബ്‌ വിഭാഗത്തിന്‌ രണ്ടും അംഗങ്ങളുണ്ട്‌. ഒരാൾ ജോസഫ്‌ വിഭാഗത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top