വൈപ്പിൻ
ചെറായി ശ്രീഗൗരീശ്വര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന പകൽപ്പൂരം ഉത്സവപ്രേമികൾക്ക് ദൃശ്യവിരുന്നായി. 23 ഗജവീരന്മാർ അണിനിരന്ന പൂരക്കാഴ്ചകൾ കാണാൻ നാനായിടങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ എത്തി. രാവിലെ നടന്ന തിടമ്പുനിർണയ ചടങ്ങിൽ തെക്കേ ചേരുവാരത്തിന്റെ പുതുപ്പള്ളി കേശവനും വടക്കേ ചേരുവാരത്തിന്റെ ചിറക്കൽ കാളിദാസനും അണിനിരന്നപ്പോൾ പുതുപ്പള്ളി കേശവൻ വിജയിയായി.
രാവിലെ നടന്ന ശീവേലിക്കും പകൽ മൂന്നിന് തുടങ്ങിയ പകൽപ്പൂരത്തിലും രാത്രി ഒന്നിനുശേഷം നടന്ന ആറാട്ട് എഴുന്നള്ളിപ്പിലും 23 ആനകളെയാണ് അണിനിരത്തിയത്. വൈകിട്ട് തെക്കേ ചേരുവാരത്തിന്റെ പൂരം അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിൽനിന്നും വടക്കെ ചേരുവാരത്തിന്റേത് വലിയവീട്ടിൽക്കുന്ന് ക്ഷേത്രത്തിൽനിന്നും തുടങ്ങി.
വടക്കേ ഭാഗത്ത് പല്ലാവൂർ ശ്രീധരമാരാർ നയിച്ച പഞ്ചവാദ്യവും പള്ളുരുത്തി ജൗഷൽ ബാബു നയിച്ച ചെണ്ടമേളവും തെക്കേഭാഗത്ത് പെരുവാരം ജിഷ്ണു മാരാരുടെ പഞ്ചവാദ്യവും രമേഷ് ദേവപ്പന്റെ ചെണ്ടമേളവും പൂരപ്രേമികൾക്ക് ശ്രവ്യവിരുന്നൊരുക്കി. ക്ഷേത്രമൈതാനത്തിന്റെ ഇരുവശങ്ങളിലും അഭിമുഖമായി അണിനിരന്ന തെക്ക്–-വടക്ക് പൂരങ്ങൾ കുടമാറ്റം നടത്തി. തുടർന്ന് പൂരങ്ങൾ പന്തലിൽ ഒരുമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..