28 March Tuesday

മണിമാരനും 
കുടുംബത്തിനും വീട്‌ 
യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


കാലടി
കാലടി പഞ്ചായത്തിലെ വട്ടപ്പറമ്പ്‌ വാഴേലിപ്പറമ്പിൽ മണിമാരനും കുടുംബത്തിനും വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കാലടി ശ്രീശങ്കര കോളേജിലെ എൻഎസ്‌എസ്‌ വിഭാഗമാണ്‌ വീട്‌ പണിത്‌ നൽകുന്നത്‌. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതിനായർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വി പി അനൂപ്, എ പി സൗമ്യ എന്നിവർ ബ്ലോക്ക് ജനപ്രതിനിധിയോടൊപ്പം ഗൃഹസന്ദർശനം നടത്തിയിരുന്നു. വീടിന്റെ നിർമാണം ഉടൻ തുടങ്ങും.

മണിമാരനും ഭാര്യ ശകുന്തളയും മൂന്നു കുട്ടികളുമടങ്ങുന്നതാണ്‌ കുടുംബം. വീടിന്റെ നിർമാണം ഉടൻ ആരംഭിക്കും. മണിമാരന്‌ സ്വന്തമായുള്ള 2.5 സെന്റ് ഭൂമിയിൽ 517 ചതുരശ്ര അടി വലിപ്പത്തിൽ വീട്‌ നിർമിക്കാൻ അകാരണ സാങ്കേതികതടസ്സങ്ങളുന്നയിച്ച്‌ കാലടി പഞ്ചായത്ത് അസിസ്‌റ്റന്റ്‌ എൻജിനിയർ കെട്ടിടനിർമാണ പെർമിറ്റ് രണ്ടുമാസം വൈകിപ്പിച്ചു. തുടർന്ന് തദ്ദേശമന്ത്രിക്ക് പരാതി നൽകി പരിഹാരം തേടുകയായിരുന്നു. ബ്ലോക്ക് ജനപ്രതിനിധി സിജോ ചൊവ്വരാന്റെ പരാതിയെ തുടർന്ന് അങ്കമാലി അസി. എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥലം സന്ദർശിച്ചു. എൻഒസി ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കുമെന്ന് ശ്രീശങ്കര കോളേജ്‌ അധികൃതർ അറിയിച്ചു.

ഓലക്കീറുകൾ മേഞ്ഞ ചെറിയ ഷെഡിനുമുകളിൽ ടർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ്‌ മണിമാരനും കുടുംബവും കഴിയുന്നത്‌. കനത്ത മഴയിൽ വെള്ളം മുറിയിൽ വീഴുന്നത് പാത്രങ്ങൾ നിരത്തിവച്ച് തടയുന്ന മണിമാരന്റെ കുടുംബത്തിന്റെ ദുരവസ്ഥ നാട്ടുകാരാണ്  സിജോ ചൊവ്വരാന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top