29 May Monday

ആദ്യക്ഷരംകുറിച്ച്‌ കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ വിദ്യാരംഭദിനത്തിൽ കുരുന്നിന്റെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു


കൊച്ചി
ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങുകളിലും നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും ചോറ്റാനിക്കരയിലുമായിരുന്നു പ്രധാന ചടങ്ങുകൾ. 

വിജയദശമിനാളിൽ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ 1750 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ കുട്ടികളുമായി എത്തി. മേൽശാന്തി നീലകണ്ഠൻനമ്പൂതിരി, കീഴ്ശാന്തി കെ യു വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ നാലിന്‌ പൂജയെടുത്തു. പുലർച്ചെമുതൽ ആരംഭിച്ച വിദ്യാരംഭം ഒന്നരവരെ നീണ്ടു.

ചോറ്റാനിക്കര ക്ഷേത്രത്തിലും വിജയദശമിദിനത്തിൽ ആയിരത്തഞ്ഞൂറിലധികം കുരുന്നുകൾ എഴുത്തിനിരുന്നു. പുലർച്ചെ നാലിന്‌ നട തുറന്നപ്പോൾമുതൽ കുട്ടികളുമായി രക്ഷാകർത്താക്കൾ എത്തിയിരുന്നു. തന്ത്രിമാരായ എളവള്ളി പുലിയന്നൂർ ജയൻനമ്പൂതിരിപ്പാട്, പുലിയന്നൂർ പ്രശാന്ത് നാരായണൻനമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.

കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിലും വിദ്യാരംഭച്ചടങ്ങ്‌ നടന്നു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് പി എൻ രവീന്ദ്രൻ, ഋഷിരാജ്‌ സിങ്‌, വിജി തമ്പി, രൺജി പണിക്കർ, ശ്രീകുമാരി രാമചന്ദ്രൻ, നടൻ ജയസൂര്യ, ഡോ. ആർ പത്മകുമാർ, ഗായകൻ മധു ബാലകൃഷ്ണൻ, ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ്‌നമ്പൂതിരി എന്നിവർ കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top