22 October Tuesday

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


കൊച്ചി
മഹാനഗര പദവിയിലേക്ക് കുതിക്കുന്ന കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്നെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി സ്വമേധയാ ഫയലിൽ സ്വീകരിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് നഗരസഭയെ കേസിൽ  കക്ഷിചേർത്തു. കേസ് 30ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന സർക്കാർ, പൊതുമരാമത്ത് വകുപ്പ് എന്നിവരാണ് ഹർജിയിലെ മറ്റ്‌ എതിർകക്ഷികൾ.

നഗരത്തിലെ റോഡുകൾ നരകപാതകളായെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് എഴുതിയ കത്താണ് ഹൈക്കോടതി സ്വമേധയാ ഹർജിയായി പരിഗണിച്ചത്. ആഗസ്‌ത്‌ 27നു നൽകിയ കത്ത് ഹർജിയാക്കി മാറ്റാൻ ചീഫ് ജസ്റ്റിസ് ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകുകയായിരുന്നു. കലൂർ–--കടവന്ത്ര റോഡ്, തമ്മനം-–-പുല്ലേപ്പടി റോഡ്, തേവര ഫെറി റോഡ്, പൊന്നുരുന്നി പാലം റോഡ്, പൊന്നുരുന്നി–--ചളിക്കവട്ടം റോഡ്, വൈറ്റില,-കുണ്ടന്നൂർ റോഡുകൾ എന്നിവ കഴിഞ്ഞ വർഷത്തേക്കാൾ മോശമാണെന്ന് കത്തിൽ പറയുന്നു. തകർന്ന റോഡുകളിലൂടെയുള്ള യാത്ര അസാധ്യമാണ്‌. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നു. വലിയ ഗർത്തങ്ങൾ അപകടക്കെണിയൊരുക്കുന്നു. മഴയും വഴിവിളക്കുകളുടെ അപര്യാപ്തതയും മൂലം കുഴികൾ കാണാൻ കഴിയില്ല. ഈ റോഡുകളിലൂടെയുള്ള യാത്ര ഇന്ധനനഷ്ടമുണ്ടാക്കുന്നു. പുതിയ റോഡുകൾ മാസങ്ങൾക്കുള്ളിൽ, ചിലപ്പോൾ ആഴ്ചകൾക്കുള്ളിൽത്തന്നെ നശിക്കുന്നു. അധികൃതരാകട്ടെ, ഇതൊക്കെ മറന്ന മട്ടാണെന്നും കത്ത് പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top