28 September Monday

മഴ, കാറ്റ്‌ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

മൂവാറ്റുപുഴ കുര്യൻ മലയിൽ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്ന നിലയിൽ


കൊച്ചി
ബുധനാഴ്‌ചയുണ്ടായ കാറ്റിലും മഴയിലും ജില്ലയുടെ പല പ്രദേശങ്ങളിലും വ്യാപക നാശനഷ്‌ടം. മരങ്ങൾ വീണ്‌ വീടുകൾ തകർന്നു, വൈദ്യുതി വിതരണവും റോഡ്‌ ഗതാഗതവും തടസ്സപ്പെട്ടു. കിഴക്കൻ മേഖലയിൽ വ്യാപകമായ കൃഷിനാശവുമുണ്ടായി.

ബുധനാഴ്ച പുലർച്ചെ രണ്ടോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കളമശേരി, ഏലൂർ നഗരസഭകളിൽ വൻമരങ്ങൾ കടപുഴകി വീണു. കളമശേരി നജാത്ത് നഗറിൽ ഐശ്വര്യ ലെയ്‌നിൽ വൻമരം കടപുഴകി വീണ്‌ മതിൽ തകർന്നു. കാട്ടക്കൽ വീട്ടിൽ ഡോ. സാവിയോ മാത്യുവിന്റെ വീടിന്റെ കാർ ഷെഡിന് കേടുപറ്റി. പ്രദേശത്ത്‌ ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുതിയും നിലച്ചു.

കുസാറ്റ് റോഡിലും സൗത്ത് കളമശേരി ലിറ്റിൽ ഫ്ലവർ റോഡിലും മരങ്ങൾ മറിഞ്ഞുവീണ് ഗതാഗത തടസ്സമുണ്ടായി. കളമശേരിയുടെ മിക്കഭാഗങ്ങളും ഇരുട്ടിലായി. മഞ്ഞുമ്മൽ മുട്ടാർഭാഗത്തും മരം വീണ് വൈദ്യുതി തടസ്സപ്പെട്ടു.  കാറ്റിൽ മൂവാറ്റുപുഴ നഗരസഭ 25–--ാം വാർഡിൽ കടാതി കുര്യൻമല ശ്രീഗോഗുലത്തിൽ അനിൽ കുമാറിന്റെ  വീടിന്‌ മുകളിൽ മരം വീണ്‌ ആസ്‌ബറ്റോസ്‌ ഷീറ്റുകൾ തകർന്നു. ഭിത്തിക്കും വിള്ളലുണ്ട്. പായിപ്ര പ‌ഞ്ചായത്തിലെ പള്ളിച്ചിറയിൽ നെല്ലിമറ്റത്തിൽ ബഷീറിന്റെ 100 ഏത്തവാഴകളും പാറ്റായിൽ എള്ളുമല അജാസിന്റെ 50 സെന്റിലെ കപ്പക്കൃഷിയും നശിച്ചു.  ആവോലി പഞ്ചായത്തിൽ കാവന -കദളിക്കാട് റോഡിൽ പുളിക്കായത്ത് കടവിനുസമീപം തേക്കുമരങ്ങൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ് എട്ട് പോസ്റ്റുകൾ തകർന്നു. ഗതാഗതവും തടസ്സപ്പെട്ടു.

നെടുമ്പാശേരി പഞ്ചായത്തിലെ അഞ്ചാംവാർഡിൽ  കിഴക്കേ മേയ്ക്കാട് മിത്തിപ്പറമ്പിൽ തങ്കമ്മയുടെ വീടിന്റെ അടുക്കള ഇടിഞ്ഞുവീണു. അടുക്കളയുടെ ചുമരും മേൽക്കൂരയും  നിലംപൊത്തി. ചമ്പന്നൂർ കവലയ്ക്കുസമീപം വട്ടോത്ത് ജോസിന്റെ പുരയിടത്തിലെ തെങ്ങ് കടപുഴകി വൈദ്യുതി ലൈനിലേക്ക്‌ വീണ്‌ വൈദ്യുതി നിലച്ചു. അത്താണി കാംകോയുടെ ഭൂമിയിലെ മരം വീണ് മേയ്ക്കാട് വഴി അങ്കമാലിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പെരിയാറിൽ ജലനിരപ്പ്‌ ഒരു മീറ്റർ ഉയർന്നു. ഭൂതത്താൻകെട്ട്‌ ഡാമിന്റെ ഷട്ടർ ഉയർത്തിയതാണ്‌ ജലനിരപ്പുയരാൻ കാരണമായത്‌.

പറവൂരിൽ അഞ്ച്‌ വീടുകൾക്ക്‌ കേടുപാടുകൾ ഉണ്ടായി. പുത്തൻവേലിക്കര പടമാട്ടുമ്മൽ സ്റ്റെല്ല ജോസഫ്, ചിറ്റാറ്റുകര പട്ടണം വാഴേപറമ്പിൽ രാധാകൃഷ്ണൻ, കോട്ടുവള്ളി കൈതാരം തൈപ്പറമ്പിൽ സെബാസ്റ്റ്യൻ, ഏഴിക്കര കാട്ടേത്ത് അനിൽകുമാർ, മണി എന്നിവരുടെ വീടുകൾക്കാണ്‌ നാശനഷ്ടം ഉണ്ടായത്. പെരുവാരം കിഴക്കേ നടയിൽ റോഡിനു കുറുകെ വീണ മരം നാട്ടുകാരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. മൂകാംബി ക്ഷേത്രത്തിനു സമീപത്തുള്ള വഴിയിലേക്കു വീണ മരം ഫയർഫോഴ്സ് നീക്കം ചെയ്തു.

കൊച്ചി-–-ധനുഷ്‌കോടി ദേശീയപാതയിലും നേര്യമംഗലം -ഇടുക്കി റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നു കലുങ്ക്, ആറാം മൈൽ, നേര്യമംഗലം- ഇടുക്കി റോഡിൽ കരിമണൽ പ്രദേശങ്ങളിൽ റോഡിലേക്ക് മരം വീണു.വൈപ്പിൻകരയിൽ മരം വീണ് നിരവധി വീടുകൾ തകർന്നു. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. തെക്കൻമാലിപ്പുറത്ത് കണ്ണംകുളങ്ങര ഓമന കൃഷ്ണൻകുട്ടിയുടെ വീടിനു മുകളിൽ മരം വീണു. ആർക്കും പരിക്കില്ല. ഞാറക്കൽ പഞ്ചായത്തിൽ രണ്ടാംവാർഡിൽ തോപ്പിൽ റോഡിൽ തണൽമരം വീണ് ഗതാഗത തടസ്സമുണ്ടായി. ചെറായിഭാഗത്ത് പോസ്റ്റുകൾ ഒടിഞ്ഞുവീണ്‌ വൈദ്യുതി തടസ്സമുണ്ടായി. എളങ്കുന്നപ്പുഴ എസ്ആർ പമ്പിനുമുന്നിൽ മരം വീണ്‌ വീട് തകർന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന ഷിബുവും ഭാര്യയും രണ്ടു കുട്ടികളും പരിക്കില്ലാതെ രക്ഷപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top