29 July Thursday

കനത്ത മഴയ്‌ക്ക്‌ സാധ്യത ; നാളെ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


കൊച്ചി
ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ബുധനാഴ്‌ച  ‘ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലിമീറ്റർ–-204.5 മില്ലിമീറ്റർ വരെ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.  
2018ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയ്യാറാക്കി വയ്‌ക്കണം. എമർജൻസി കിറ്റ്  വീട്ടിൽ എല്ലാവർക്കും എടുക്കാനാകുന്ന സുരക്ഷിത സഥലത്ത് വയ്‌ക്കണം. മാറി താമസിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അധികൃതരുടെ നിർദേശം പാലിക്കണം. അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറണം.

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട്.  ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ  നിർത്തരുത്.

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം.

തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കിൽ മാറിത്താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ അറിയിക്കും.  - ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ വൈദ്യുതാഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കണം. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കണം.- വീട്ടിൽ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ  പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റണം. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.

-വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top