07 August Friday

യുവാവിന്റെ കൊലപാതകം: 6 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019


പറവൂർ
റെന്റ്‌ എ കാർ ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്‌ വെടിമറ കാഞ്ഞിരപ്പറമ്പിൽ മുബാറക്കിനെ (24) കൊലപ്പെടുത്തിയ കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ് (24), മാവിൻചുവട് കണ്ടാരത്ത് അഹമ്മദ് (35), ചെറുപറമ്പിൽ സാലിഹ് (21), തോട്ടുങ്കൽ ഫറൂഖ് (35) കളത്തിപ്പറമ്പിൽ സജീർ (32), മുപ്പത്തടം എരമം കാട്ടിപ്പറമ്പിൽ അബ്ദുൽ മജീദ് (34) എന്നിവരാണു പിടിയിലായത്.മുഖ്യപ്രതികളായ റംഷാദ്, അഹമ്മദ്, സാലിഹ് എന്നിവർ ബുധനാഴ്‌ച പുലർച്ചെ മൂന്നിന്‌ അങ്കമാലിയിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരെ പറവൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

നാലാംപ്രതി വലിയവീട്ടിൽ റിയാസിനെ (35) പിടികൂടാനായിട്ടില്ല. ഫാറുഖ്, സജീർ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പ്രതികൾക്ക്‌ രക്ഷപ്പെടാൻ സഹായംനൽകിയ അബ്ദുൾ മജീദിനെ ബുധനാഴ്‌ച രാവിലെ  അറസ്‌റ്റ്‌ചെയ്‌തു. മാള സ്വദേശിയായ ശ്രീജിത്ത് വാടകയ്ക്കു നൽകിയ കാർ തിരിച്ചുപിടിക്കാൻ റിയാസിനെ ഏൽപ്പിച്ചതാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. റിയാസ് കാർ തിരിച്ചുപിടിച്ചെങ്കിലും ശ്രീജിത്തിനു കൈമാറിയില്ല. ശ്രീജിത്തിനുവേണ്ടി മുബാറക്ക് റിയാസിൽനിന്ന്‌ കാർ തട്ടിയെടുത്തു. ഇതുസംബന്ധിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി മുബാറക്കിനെ വിളിച്ചുവരുത്തി ചർച്ചചെയ്യുന്നതിനിടെ തർക്കം രൂക്ഷമായപ്പോൾ ഫാറൂഖിന്റെ അരയിലുണ്ടായിരുന്ന കത്തിയെടുത്ത റംഷാദ് മുബാറക്കിനെ കുത്തുകയായിരുന്നു. കൃത്യത്തിനുശേഷം പ്രതികൾ ജില്ല വിട്ടു. ഇവരെ രക്ഷപ്പെടാൻ സഹായിച്ചതിനാണു മജീദിനെ അറസ്റ്റ് ചെയ്തത്. മജീദ് ഒഴികെയുള്ള എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കൃത്യത്തിനുശേഷം മജീദിന്റെ മുപ്പത്തടത്തുള്ള സ്ഥാപനത്തിലെത്തി വസ്ത്രങ്ങൾ മാറ്റിയ റംഷാദ്, അഹമ്മദ്, സാലിഹ് എന്നിവർ ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നു മംഗളൂരുവിലേക്ക്‌ കടന്നു. റിയാസ് കാറുമായി ഒറ്റയ്ക്കുപോയി.

റംഷാദും അഹമ്മദും സാലിഹും അഭിഭാഷകനുമായി ബന്ധപ്പെട്ടശേഷം കീഴടങ്ങാൻ സന്നദ്ധത അറിയിച്ചു. തുടർന്നു മൂവരും മംഗളൂരുവിൽനിന്ന്‌ അങ്കമാലിയിലെത്തിയപ്പോൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിനുശേഷം ഇവർ ചെന്ന മുപ്പത്തടത്തെ സ്ഥാപനത്തിൽ തെളിവെടുപ്പു നടത്തി. വൈദ്യപരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. തുടർന്നു മാവിൻചുവടിലെ സംഭവസ്ഥലത്തു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. കൊലാപതക സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെക്കുറിച്ചും തർക്കത്തിൽ ഇടപെട്ടവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top