22 September Tuesday

ആരവങ്ങളേ സ്വാഗതം; കൂകിപ്പായാൻ തയ്യാർ

സന്തോഷ് ‌ബാബുUpdated: Wednesday Aug 5, 2020

കോവിഡിനെ തുടർന്ന്‌ സർവീസ്‌ നിർത്തിവച്ച മെട്രോ ട്രെയിനിൽ അണുനശീകരണം നടത്തുന്നു


കൊച്ചി
​ന​ഗരത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന മെട്രോ ട്രെയിൻ നിലച്ചിട്ട് നാല്‌ മാസം. തൊഴിലിടങ്ങളിലേക്കും ആശുപത്രികളിലേക്കും തിരക്കിട്ട്‌ ഒഴുകിയിരുന്നവരുടെയും വിനോദത്തിനായി കറങ്ങാൻ എത്തിയിരുന്നവരുടെയും  ആരവം അകന്നെങ്കിലും കാര്യങ്ങളെല്ലാം ഇവിടെ  പഴയതുപോലെ സജീവം.

ആളില്ലെങ്കിലും മെട്രോയുടെ പാളത്തിലൂടെ ഇപ്പോ‌ഴും  ട്രെയിനുകൾ പായുന്നുണ്ട്. പാളത്തിന്റെയും ട്രെയിനുകളുടെയും കാര്യക്ഷമത ഉറപ്പാക്കാനുള്ള ട്രയൽ റണ്ണുകളായി ദിവസം ഒന്നോ രണ്ടോ വണ്ടികൾ ഓടുന്നു. സർവീസ് നടത്തിയിരുന്ന 24 ട്രെയിനുകളും ഇങ്ങനെ മാറിമാറി ഓട്ടത്തിലാണ്‌. പാളങ്ങളുടെ അറ്റകുറ്റപ്പണികളും സി​ഗ്നലുകളുടെയും മറ്റ് സാങ്കേതിക സംവിധാനങ്ങളുടെയും പരിപാലനവും മുറതെറ്റാതെ നടക്കുന്നു.

എല്ലാ സ്റ്റേഷനുകളും ശുചിയാക്കി അണുനശീകരണം നടത്തുന്നതിലെ കാര്യക്ഷമതയും കിറുകൃത്യം.  മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിൽ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നെന്നും കെഎംആർഎൽ അധികൃതർ പറഞ്ഞു.

ഒന്നിടവിട്ടുള്ള സീറ്റുകളിൽ യാത്രക്കാരെ ഇരുത്താനുള്ള ക്രമീകരണങ്ങൾ നടത്തി. തിരക്കുള്ള സ്റ്റേഷനുകളിൽ  ഡിജിറ്റൽ തെർമൽ സ്കാനിങ്ങും മറ്റു സ്റ്റേഷനുകളിൽ  താപനില പരിശോധിക്കാൻ സൗകര്യവുമൊരുക്കി. ലിഫ്റ്റിൽ അടക്കം സാനിറ്റൈസർ ഒരുക്കുകയും അത്‌ ഉപയോഗിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതിന് പ്രത്യേക ജീവനക്കാരെയും നിയോഗിക്കുകയും ചെയ്‌തു. പക്ഷേ,  യാത്ര തുടങ്ങാൻ അനുമതി മാത്രം കിട്ടിയില്ല.

ഈ സംവിധാനങ്ങളെല്ലാം കൃത്യമായി പരിപാലിച്ച്,  ഏതുദിവസവും സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായാണ്‌ മുന്നോട്ടുപോകുന്നത്. 1,200 ഓളം ജീവനക്കാരിൽ പകുതിയിലധികവും എന്നും ജോലിക്കെത്തുന്നു. ബാക്കിയുള്ളവർ വിവിധ ഷിഫ്റ്റുകളിലായി മാറിമാറി ജോലി ചെയ്യുന്നു.

സർവീസ് തുടങ്ങുമ്പോൾ, കൈ തൊടാതെ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഇനി എല്ലാ സ്റ്റേഷനുകളിലും ഒരുക്കിയിട്ടുണ്ട്‌. പിഒഎസ് മെഷീനുകൾ പോലെ, ചതുരാകൃതിയിലുള്ള ഉപകരണങ്ങൾ അതിനായി റെഡി. ടിക്കറ്റിന്റെ തുക നിക്ഷേപിക്കാൻ അടുത്ത് പ്രത്യേക പെട്ടിയുണ്ടാകും. ബാക്കി തുക കൗണ്ടറിൽനിന്ന് ലഭിക്കും. കൗണ്ടറിൽ യാത്രക്കാരിൽനിന്ന് നേരിട്ട് പണം സ്വീകരിക്കില്ല.   

കൗണ്ടറിൽനിന്ന് കിട്ടുന്നത് അണുമുക്തമാക്കിയ നോട്ടുകളായിരിക്കും. കെഎംആർഎൽ നേരിട്ടായിരിക്കും ഇവ അണുമുക്തമാക്കുക. തിരക്ക് വർധിച്ചാൽ സ്റ്റേഷനുകളിൽത്തന്നെ സൗകര്യമൊരുക്കും. സർവീസ് നടത്താൻ കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ പിറ്റേന്നുതന്നെ യാത്രക്കാരെയും കയറ്റി ട്രെയിൻ കൂകിപ്പായും. 

അഞ്ചു മിനിറ്റ് ഇടവിട്ട് ദിവസവും ഇരുനൂറോളം സർവീസുകളായിരുന്നു കൊച്ചി മെട്രോയ്‌ക്ക്‌. ശനി, ഞായർ ദിവസങ്ങളിൽ ശരാശരി 65,000, മറ്റു ദിവസങ്ങളിൽ 60,000 എന്നിങ്ങനെയായിരുന്നു യാത്രക്കാരുടെ എണ്ണം.  അവരെല്ലാം വീണ്ടും എത്തുന്നതിനായി, സർവസന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്  സ്റ്റേഷനുകൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top