22 September Tuesday

നെഞ്ചിടിപ്പ്‌ കൂട്ടി 135 ; മൂന്നാംദിവസവും 100 കടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


കൊച്ചി
തുടർച്ചയായ മൂന്നാംദിവസവും ജില്ലയിൽ കോവിഡ് 100 പിന്നിട്ടു. 135 പേർക്കാണ്‌ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്‌. 128 പേർ സമ്പർക്കരോഗികളാണ്‌. ഇവരിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഏറ്റവുമധികം രോഗികളും സമ്പർക്കരോഗികളുമുള്ള ദിവസമാണിത്‌. 48 പേർക്കാണ്‌ രോഗമുക്തി. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1036 ആയി.
രോഗികളിൽ 26 പേർ ഫോർട്ടുകൊച്ചി സ്വദേശികളാണ്‌. ഇവിടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലാർജ്‌ ക്ലസ്റ്ററായി പരിഗണിച്ചുള്ള നിയന്ത്രണം തുടരുകയാണ്‌. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതിൽ നാലുപേർ ആരോഗ്യപ്രവർത്തകരാണ്‌. ഇതോടെ രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം അറുപത്തിരണ്ടായി. രണ്ടു നാവികസേനാ ഉദ്യോഗസ്ഥർക്കും രണ്ട്‌ ആശാ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ആലുവ കുട്ടമശേരിയിൽ ഗോപി (69) മരിച്ചത്‌ കോവിഡ് മൂലമാണെന്ന്‌ ആലപ്പുഴ എന്‍ഐവിയിലെ പരിശോധനാഫലം സ്ഥിരീകരിച്ചു. രണ്ടിനാണ്‌ ഇദ്ദേഹം മരിച്ചത്‌.

പ്രതിരോധത്തിന്‌ പ്രത്യേക സംഘം
കോവിഡ് പ്രതിരോധത്തിന്‌‌ ജില്ലയിൽ പ്രോഗ്രാം മാനേജ്മെന്റ്‌ ആൻഡ് സപ്പോർട്ട് യൂണിറ്റ്  രൂപീകരിച്ചു. കോവിഡ് ആശുപത്രി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകൾ, ആംബുലൻസുകളുടെ ക്രമീകരണം തുടങ്ങിയവ ഏകോപിപ്പിക്കാനാണിത്‌. സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ അഡീഷണൽ ഡിഎംഒ  വിവേക് കുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി, ആർദ്രം അസിസ്റ്റന്റ്‌ നോഡൽ ഓഫീസർ ഡോ. നിഖിലേഷ്, ഐഎംഎ പ്രതിനിധി ഡോ. ജുനൈദ് റഹ്മാൻ, ജില്ലാ പ്രോജക്ട് കോ–--ഓർഡിനേറ്റർ കെ ആർ ഹേമ, ലോകാരോഗ്യ സംഘടന കൺസൾട്ടന്റ്‌ ഡോ. യാനിക്ക് പുതുശേരി എന്നിവരാണ് യൂണിറ്റിലുള്ളത്.  

കൂടുതൽ സ്വകാര്യ ആശുപത്രികൾ കൂടുതൽ സ്വകാര്യ ആശുപത്രികൾ പ്രതിരോധത്തിൽ പങ്കാളികളാകുമെന്ന്‌ കലക്ടർ എസ്‌ സുഹാസ്‌ പറഞ്ഞു. 82 സ്വകാര്യ ആശുപത്രികളാണ്‌ നിലവിൽ. വിവിധ ആശുപത്രികളിലായി 81 പേർ ചികിത്സയിലുണ്ടെന്നും മന്ത്രി കെ കെ ശൈലജ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ കലക്ടർ വ്യക്തമാക്കി.

ആറ്‌ കണ്ടെയ്‌ൻമെന്റ്‌ സോണുകൾകൂടി
മൂവാറ്റുപ്പുഴ മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 21 (എസ്‌എൻഡിപി സ്കൂൾ) മുരിക്കല്ല്‌ റോഡ്‌–-എസ്‌എൻ റോഡ്‌, നെടുമ്പാശേരി പഞ്ചായത്ത്‌ വാർഡ്‌ 15 (കുറുമ്പക്കടവ്‌), തൃക്കാക്കര മുനിസിപ്പാലിറ്റി ഡിവിഷൻ 12 (കുഴിക്കാട്ടുമൂല–-മുരിയങ്ങര), കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ 14 (കങ്ങരപ്പടി) എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്‌ൻമെന്റ്‌ സോണുകളാക്കി. ചോറ്റാനിക്കര പഞ്ചായത്ത്‌ വാർഡ്‌ 2‌ (പള്ളിമല), കൂത്താട്ടുകുളം മുനിസിപ്പാലിറ്റി ഡിവിഷൻ 5‌ (കുങ്കുമശേരി) എന്നീ പ്രദേശങ്ങളെ പൂർണമായും കണ്ടെയ്‌ൻമെന്റ്‌ സോണുകളാക്കി.

കുട്ടമ്പുഴ പഞ്ചായത്ത്‌ വാർഡ്‌ 16 (കുട്ടമ്പുഴ), മൂവാറ്റുപ്പുഴ മുനിസിപ്പാലിറ്റി ഡിവിഷൻ 21 (മുരിക്കല്ല്‌ റോഡ്‌–-എസ്‌എൻ റോഡ്‌ ഒഴികെയുള്ള പ്രദേശം), നോർത്ത്‌ പറവൂർ മുനിസിപ്പാലിറ്റി ഡിവിഷൻ 15 (കിഴക്കേപ്രം), തിരുവാണിയൂർ പഞ്ചായത്ത്‌ വാർഡ്‌ 6 (മോനിപ്പിള്ളി), നെടുമ്പാശേരി പഞ്ചായത്ത്‌ വാർഡ്‌ 14 (കൽപ്പക നഗർ), മഞ്ഞപ്ര പഞ്ചായത്ത്‌ വാർഡ്‌ 8 (കരിങ്ങാലിക്കാട്‌), തൃക്കാക്കര മുനിസിപ്പാലിറ്റി ഡിവിഷൻ 12 (കുഴിക്കാട്ടുമൂല–-മുരിയങ്ങര ഒഴികെയുള്ള പ്രദേശം), കൊച്ചി നഗരസഭ ഡിവിഷൻ 45 (തമ്മനം) എന്നീ പ്രദേശങ്ങളെ കണ്ടെയൻമെന്റ്‌ സോൺ പരിധിയിൽനിന്ന്‌ ഒഴിവാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top