19 September Saturday

സിഎസ്ആർ ഫണ്ട് അഴിമതി മറയ്‌ക്കാൻ വീണ്ടും ക്രമക്കേടെന്ന് ആരോപണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


പിറവം
പിറവം നഗരസഭയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭിച്ച സിഎസ്ആർ ഫണ്ടിൽ നടത്തിയ വെട്ടിപ്പ് മറയ്ക്കാൻ വീണ്ടും ക്രമക്കേട് നടത്തുന്നു. തട്ടിപ്പിന്‌ നേതൃത്വം നൽകുന്ന ചെയർമാൻ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അമൽ രാജു, പ്രസിഡന്റ് രതീഷ് മോഹൻ എന്നിവർ ആവശ്യപ്പെട്ടു.

കോവിഡിന്റെ ആദ്യഘട്ടത്തിൽ നഗരസഭാ പരിധിയിലെ 8000 വീടുകളിൽ മൂന്ന്‌ മാസ്കുകൾവീതം നൽകുന്നതിന് പിറവത്തെ ഒരു സ്വകാര്യസ്ഥാപനത്തിന്  കരാർ നൽകിയിരുന്നു. മാസ്കിന്റെ മുഴുവൻ തുകയും ടെൻഡർപ്രകാരം മുനിസിപ്പൽ ഫണ്ടിൽനിന്ന്‌ ഈ സ്ഥാപനത്തിന് നൽകി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പിറവം ശാഖ അനുവദിച്ച സിഎസ്ആർ ഫണ്ടായ 98,000 രൂപ ഇതേ സ്ഥാപനത്തിനുതന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി പിന്നീട് ബില്ല് നൽകി. എന്നാൽ ഈ നീക്കം പുറത്താകുകയും തുക തട്ടാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെ ഫണ്ട് മറ്റൊരു സ്ഥാപനത്തിന് കൈമാറാനായി കത്ത് നൽകിയതായാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

നഗരസഭ മാസ്ക് നിർമിക്കാൻ ഏൽപ്പിച്ച മറ്റൊരു സ്ഥാപനത്തിനാണ് ഈ തുക കൈമാറാൻ തിങ്കളാഴ്ച ബാങ്ക് മാനേജർക്ക് സെക്രട്ടറി കത്ത് നൽകിയത്. ജൂലൈ 27ലെ വർക്‌ ഓർഡർപ്രകാരം തുക നൽകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. ചെയർമാന്റെ നിർദേശപ്രകാരമാണ് ഇത്തരം നീക്കം. കത്തിൽ പറയുന്ന കമ്പനിക്ക് തുക നൽകുന്നതുസംബന്ധിച്ച് നഗരസഭാ യോഗത്തിൽ ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല എന്നിരിക്കെ ഇതും തട്ടിപ്പിനുള്ള ശ്രമംതന്നെയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top