16 January Saturday

പ്രതിസന്ധികളേറെ, കടലില്‍ പോകാനാകാതെ മീന്‍പിടിത്തക്കാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


കൊച്ചി
ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി തുടരുന്നു. കോവിഡിനു പുറമെ പ്രതികൂല കാലാവസ്ഥയും കനത്ത വെല്ലുവിളിയാകുകയാണ്‌. കേരള, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ 50–-60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുള്ളതിനാൽ ശനിയാഴ്ചവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഈ കാലയളവ് അവസാനിച്ചാലും ജില്ലയിലെ 80 ശതമാനം ട്രോൾ ബോട്ടുകൾക്കും കടലിൽ പോകാനാകില്ല.ട്രോൾ ബോട്ടുകളിലെ 90 ശതമാനം തൊഴിലാളികളും തമിഴ്‌നാട് കുളച്ചിൽ സ്വദേശികളാണ്. ഇവരിൽ ഭൂരിഭാഗവും കുളച്ചിലിൽത്തന്നെ തുടരുകയാണ്. ചെറിയൊരു ശതമാനത്തെ 20 ദിവസംമുമ്പേ, ബോട്ടുടമകൾ ജില്ലയിലെത്തിച്ച് ക്വാറന്റൈനിൽ താമസിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ കേരളത്തിലെത്തിക്കാൻ ഇനിയും കാലതാമസമുണ്ടാകും. കേരളത്തിലെത്തിയാലും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ കഴിഞ്ഞതിനുശേഷംമാത്രമേ അവർക്ക് തൊഴിലെടുക്കാനാകൂ.

പശ്ചിമകൊച്ചി കണ്ടെയ്ൻമെന്റ് മേഖലയായതിനാൽ ഇവിടെനിന്നുള്ള ബോട്ടുകൾക്ക് മീൻപിടിക്കാൻ പോകാനാകില്ല.
മുനമ്പം, കാളമുക്ക് എന്നിവിടങ്ങളിൽനിന്നുള്ള ബോട്ടുകളാകും മത്സ്യബന്ധനത്തിന് പോകുക. ട്രോൾ ബോട്ടുകളിൽ ഭൂരിഭാഗവും ബഹുദിന മത്സ്യബന്ധനത്തിനാണ് ഏർപ്പെടുന്നത്. മീൻപിടിത്തക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചുവരണമെന്നാണ് നിലവിലെ നിർദേശം.

തോപ്പുംപടി ഫിഷറീസ് ഹാർബറിൽനിന്ന് 600 ഗിൽനെറ്റ് ബോട്ടുകളും 60-–-80 പേഴ്‌സ്‌സീൻ ബോട്ടുകളും മീൻപിടിക്കാൻ പോയിരുന്നു. സൗദി, മാനാശേരി ഭാഗത്തെ തൊഴിലാളികളാണ് പേഴ്‌സ്‌സീൻ ബോട്ടുകളിൽ ജോലിയെടുത്തിരുന്നത്. ചെല്ലാനം കണ്ടെയ്ൻമെന്റ് മേഖലയായതിനാൽ ഇവിടെനിന്നുള്ള ബോട്ടുകളുടെ പ്രവർത്തനവും നിശ്ചലമാകും. മുനമ്പം, കാളമുക്ക്, മുരിക്കുംപാടം ഫോർട്ടുകൊച്ചി കമാലക്കടവ്,  തോപ്പുംപടി ഫിഷറീസ് ഹാർബർ, ചെല്ലാനം മിനി ഹാർബർ എന്നിവ അടഞ്ഞുകിടക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. വൈപ്പിൻ മേഖലയിലുള്ളവർക്ക് മീൻ പിടിക്കാമെങ്കിലും ഹാർബർ പൂട്ടിയതിനാൽ വിൽപ്പന നടക്കുന്നില്ല. ഇതിനു പരിഹാരമായി മത്സ്യത്തൊഴിലാളികൾ നേരിട്ട് ഓൺലൈൻ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. മത്സ്യമേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമഗ്ര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top