17 September Tuesday
നിപാ അനുഭവം പങ്കുവച്ച് മന്ത്രി

ടീച്ചർ ഓർമിപ്പിച്ചു; അതിജീവനത്തിന്റെ പാഠം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


കൊച്ചി
ഭീതി പടർത്തി നിപാ ഒരിക്കൽകൂടി കേരളത്തിലെത്തിയപ്പോൾ, അതിനെ സധൈര്യം ചെറുത്തു തോൽപ്പിക്കുകയായിരുന്നു, നമ്മുടെ  സുസജ്ജമായ ആരോഗ്യമേഖല. ആരോഗ്യമന്ത്രിയും ഡോക്ടർമാരും നേഴ്‌സുമാരും ആശാപ്രവർത്തകരുമെല്ലാം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ നിപായ്ക്ക് തോറ്റ് മടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. വിജയകരമായി നടപ്പാക്കിയ നിപാ പ്രതിരോധത്തിന്റെ അനുഭവങ്ങൾ പങ്കിടലിനും എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് വേദിയായി.

നിപായെ ചെറുക്കാൻ സമയബന്ധിതമായി സ്വന്തമായ ഒരു പ്രവർത്തനരീതി രൂപപ്പെടുത്താനായതാണ് വഴിത്തിരിവായതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കോഴിക്കോടുണ്ടായ നിപാ അനുഭവവും പാഠവും മുന്നിലുള്ളതുകൊണ്ട് അതിവേ​ഗം കൃത്യതയോടെ പ്രവർത്തിക്കാനായി. നിപാ എന്ന കില്ലർ വൈറസിനെ തകർക്കാൻ എല്ലാവരും രാപ്പകലില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും ഡൽഹിയിൽനിന്നുമുള്ള ഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, മുൻ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങി നിർണായകഘട്ടത്തിൽ ഒപ്പംനിന്ന ഓരോരുത്തരെയും മന്ത്രി അഭിനന്ദിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഐസൊലേഷനിൽ കഴിഞ്ഞവരും അതിൽ സഹകരിച്ചവരുമടക്കം ഓരോരുത്തരും വിജയത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

കളമശേരി നഗരസഭാ ചെയർപേഴ്സൺ റുഖിയ ജമാൽ അധ്യക്ഷയായി. നിപാ നിയന്ത്രണ പ്രവർത്തനങ്ങളുടെ അനുഭവം പങ്കുവയ്ക്കലും വീഡിയോ കൊളാഷ് അവതരണവും ജില്ലാ മെഡിക്കൽ ഓഫീസർ  എൻ കെ കുട്ടപ്പൻ നിർവഹിച്ചു. 1.5 ടെസ്ല എംആർഐ, ഡയാലിസിസ് യൂണിറ്റ് പദ്ധതി എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി കെ ശ്രീകല അവതരിപ്പിച്ചു. ഡയാലിസിസ് സെന്റർ നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകിയ പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് ചീഫ് ജനറൽ മാനേജർ എ പി ഗംഗാധരൻ, ഗ്രേസ് മാത്യു,  നാല് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ പങ്കാളികളായ കിറ്റ്‌കോയുടെ പ്രതിനിധി ബെന്നി പോൾ,  നിപാ കാലത്ത് ഐസൊലേഷൻ വാർഡിലേക്ക് എയർ കണ്ടീഷണറുകൾ നൽകിയ കെഎസ്എഫ്ഇ ജനറൽ മാനേജർ എൻ എസ് ലിലി എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.   കലക്ടർ എസ് സുഹാസ് സ്വാഗതവും  മെഡിക്കൽ സൂപ്രണ്ട്  പീറ്റർ വാഴയിൽ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top