19 January Tuesday

സഹവരണാധികാരി, അന്നത്തെ ഭരണാധികാരി

പി സി സോമശേഖരൻUpdated: Friday Dec 4, 2020


നെടുമ്പാശേരി
മുടക്കുഴ പഞ്ചായത്തിന്റെ പ്രസിഡന്റായി 1995ൽ ചുമതലയേൽക്കുമ്പോൾ ടി കെ സന്തോഷിന്റെ  പ്രായം 22. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്‌. രണ്ടുവർഷം കഴിഞ്ഞ് സന്തോഷിനെ തേടി എത്തിയത് മറ്റൊരു അപൂർവത. പഞ്ചായത്ത് വകുപ്പിൽ എൽഡി ക്ലർക്കായി നിയമനം.

എംഎ ഇംഗ്ലീഷ് വിദ്യാർഥിയായിരിക്കെ എഴുതിയ പിഎസ്‌സി പരീക്ഷയുടെ  റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സന്തോഷ് പാർടി നേതാക്കളുടെ അനുമതിയോടെ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ച് 1997ൽ പഞ്ചായത്ത് വകുപ്പിൽ ജോലി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, ആ വകുപ്പിൽ തന്നെ ജീവനക്കാരനാകുന്ന ആദ്യയാൾ. 2003ൽ ഡിപ്പാർട്ട്മെന്റ്‌ ടെസ്റ്റ് പാസായി  സെക്രട്ടറിയായി. ആദ്യം മലപ്പുറം ജില്ലയിലെ ഏലംകുളത്ത് സെക്രട്ടറി.  അടുത്തതായി പ്രസിഡന്റായിരുന്ന മുടക്കുഴ പഞ്ചായത്തിന്റെ സെക്രട്ടറിയായി. പിന്നീട് കോട്ടയം ജില്ലയിലെ അതിരമ്പുഴ, പുതുപ്പള്ളി പഞ്ചായത്തുകളിലും  കുന്നുകര പഞ്ചായത്തിലും സെക്രട്ടറിയായ സന്തോഷ്, നാലുവർഷമായി നെടുമ്പാശേരി പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ തെരഞ്ഞെടുപ്പുൾപ്പെടെ നാലു തെരഞ്ഞെടുപ്പുകളിൽ സഹ വരണാധികാരിയുടെ ചുമതല വഹിക്കുന്നു.

പൊതുപ്രവർത്തകനും, ജനപ്രതിനിധിയുമെന്ന അനുഭവങ്ങൾ ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തനിക്ക്‌ ഇടപെടലുകൾക്ക് സഹായകമായതായി സന്തോഷ് പറഞ്ഞു. ജോലിചെയ്ത പഞ്ചായത്തുകളിലെല്ലാം കക്ഷിരാഷ്ട്രീയ പരിഗണനയില്ലാതെ തനിക്ക്‌ ജനപ്രതിനിധികളുടെ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top