27 May Wednesday

ഒറ്റക്കായവർക്ക്‌ ഓൺലൈൻ വരക്കൂട്ടുമായി അഞ്‌ജൻ

ശ്രീരാജ‌് ഓണക്കൂർUpdated: Saturday Apr 4, 2020


കൊച്ചി
‘ഇവരെയും മറക്കരുത്. ഇതാണ്‌ എനിക്ക്‌ ഇവർക്കായി ചെയ്യാൻ കഴിയുക’. ഭിന്നശേഷിക്കാരായ കുട്ടികളെ ഓൺലൈനിൽ ചിത്രരചന പഠിപ്പിക്കുന്ന അഞ്‌ജൻ സതീഷിന്റെ വാക്കുകൾ. ഭിന്നശേഷി സമൂഹത്തിനായി അഞ്‌ജൻ  വാക്കുകൾ കുറിച്ചത്‌ സ്വന്തം ഫെയ്‌സ്‌ബുക്ക്‌ വാളിലാണ്‌. സെറിബ്രല്‍ പാള്‍സി ബാധിച്ച്  ശാരീരികമായ പരിമിതിയുണ്ടെങ്കിലും കാര്‍ട്ടൂണിലും തല്‍സമയ കാരിക്കേച്ചറിങ്ങിലും ശ്രദ്ധ നേടിയ തൃപ്പൂണിത്തുറ സ്വദേശിയാണ്‌ അഞ്‌ജൻ. വാട്‌സാപ്‌ ഗ്രൂപ്പിലെ ക്ലാസിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ  ചിത്രങ്ങൾ വരയ്‌ക്കാൻ പഠിപ്പിക്കുകയാണ്‌ അദ്ദേഹം ഇപ്പോൾ.

ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന പരിശീലന സ്ഥാപനങ്ങളും സ്കൂളുകളും ലോക്ക്‌ഡൗണിൽ അടഞ്ഞുകിടക്കുകയാണ്‌. സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയ ശാരീരിക–-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക്‌ ചികിത്സകളും പരിശീലന പരിപാടികളുമില്ല.  പരിശീലനങ്ങൾക്കും തുടർച്ചയ്‌ക്കുമായി താൻ ജോലി ചെയ്യുന്ന കുരീക്കാട്ടെ ആദർശ്‌ ചാരിറ്റബിൾ ട്രസ്‌റ്റ്‌ പദ്ധതികൾ ആരംഭിച്ചിരുന്നതായി അഞ്‌ജൻ പറയുന്നു. ട്രസ്‌റ്റിലെ കംപ്യൂട്ടർ ആൻഡ്‌ ഡ്രോയിങ് ടീച്ചർ അസിസ്റ്റന്റായ അഞ്‌ജൻ  അതിന്റെ ഭാഗമായാണ്‌ ക്ലാസ്‌റൂം തുടങ്ങിയത്‌.

കുട്ടികളും മാതാപിതാക്കളും അധ്യാപകരും അടങ്ങുന്ന വാട്‌സാപ്‌ ഗ്രൂപ്പിലൂടെയാണ്‌ ചിത്രങ്ങൾ വരയ്‌ക്കാൻ പഠിപ്പിക്കുക. പകൽ മൂന്നിന്‌ ക്ലാസ്‌ തുടങ്ങും. രാത്രി 10 വരെ ശിഷ്യർക്ക്‌ ചിത്രം വരയ്‌ക്കാം. കൊറോണക്കാലത്തെ കാഴ്‌ചകളെക്കുറിച്ച്‌ അഞ്‌ജൻ വരച്ച ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽ നിരവധി പേർ ഇഷ്ടപ്പെടുകയും പങ്കുവയ്‌ക്കുകയും ചെയ്‌തു.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബ്രാന്‍ഡ് ഐക്കണായ അഞ്‌ജന്‍ ഭിന്നശേഷി  യുവാക്കളിൽ മികച്ച ക്രിയാത്മക പ്രതിഭയ്‌ക്കുള്ള 2015ലെ കേന്ദ്രപുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്‌. എബിലിറ്റി ഫൗണ്ടേഷന്റെ 2016ലെ മാസ്‌റ്ററി അവാർഡ്‌ ലഭിച്ചു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുൾകലാം അദ്ദേഹത്തിന്റെ  ഓര്‍മ പുസ്തകത്തില്‍ അഞ്‌ജനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കൊച്ചിയിലെത്തിയ സച്ചിന്‍ ടെൻഡുല്‍ക്കര്‍ അഞ്‌ജന്റെ സര്‍ഗവൈഭവം നേരില്‍ കണ്ടറിഞ്ഞതിനെപ്പറ്റി സമൂഹ മാധ്യമത്തില്‍ എഴുതിയത് വലിയ വാര്‍ത്താപ്രാധാന്യം നേടി. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര അഞ്‌ജനത്തിൽ സതീഷ്‌കുമാറിന്റെയും ലതികയുടെയും മകനാണ്‌. സോഫ്‌റ്റ്‌വെയർ എൻജിനിയർ അശ്വിൻ സതീഷ്‌ സഹോദരനാണ്‌.


പ്രധാന വാർത്തകൾ
 Top