ആലുവ
ലോക തണ്ണീർത്തടദിനത്തിൽ തണ്ണീർത്തടം അകക്കണ്ണിൽ കണ്ട് കുരുന്നുകൾ. കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികളാണ് തുമ്പിച്ചാൽ തണ്ണീർത്തടത്തിന്റെ സൗന്ദര്യം തൊട്ടറിയാനും പ്രകൃതിയെ ആസ്വദിക്കാനും എത്തിയത്. അധ്യാപകരോടൊപ്പം എത്തിയ കുട്ടികൾ ‘തണ്ണീർത്തടങ്ങളെ സംരക്ഷിക്കൂ തലമുറയെ രക്ഷിക്കൂ’, ‘കൈകോർക്കാം വീണ്ടെടുക്കാം തണ്ണീർത്തടങ്ങളെ’ എന്നീ സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി തുമ്പിച്ചാലിൽ സംരക്ഷണവലയം തീർത്തു. തുമ്പിച്ചാൽ ചിറയിൽ ചുറ്റും നടന്ന് തണ്ണീർത്തടത്തിന്റെ സൗന്ദര്യം അനുഭവിച്ചു. തുമ്പിച്ചാലിലെ മരപ്പാലം മുറിച്ചുകടന്നതും ഇവർക്ക് പുത്തൻ അനുഭവമായി. ചിലര്‍ ആരുടെയും സഹായമില്ലാതെ പാലം കടന്നപ്പോള്‍ ചിലര്‍ അധ്യാപകരുടെ കൈപിടിച്ച് പാലം കടന്നു.
തണ്ണീർത്തടസന്ദേശം കുട്ടികളിലൂടെ ജനങ്ങളിലെത്തിക്കാനും കുട്ടികൾക്ക് സമീപപ്രദേശത്തെ ഇത്തരം തണ്ണീർത്തടങ്ങളെക്കുറിച്ച് മനസ്സിലാക്കാനുമാണ് ഇത്തരത്തിലുള്ള യാത്ര ഒരുക്കിയത്. പ്രധാനാധ്യാപിക ജിജി വർഗീസിന്റെ നേതൃത്വത്തിലുള്ള അധ്യാപകസംഘം തുമ്പിച്ചാലിന്റെ ഓരോ വിശേഷണവും വിശദമാക്കി കുട്ടികള്‍ക്കൊപ്പം നടന്നു. പ്രദേശവാസികൾ തുമ്പിച്ചാലിൽ വിരിഞ്ഞ താമരപ്പൂക്കളും കുട്ടികൾക്ക് സമ്മാനിച്ചു. പരിസ്ഥിതിഗാനവും ആലപിച്ചാണ് കുട്ടികൾ മടങ്ങിയത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന തുമ്പിച്ചാൽ ചിറ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..