13 October Sunday

സമഗ്രശിക്ഷാ കേരളം ‘ഹെൽപ്പിങ് ഹാൻഡ്‌’ പദ്ധതി ; പഠനത്തിൽ ബുദ്ധിമുട്ടുന്നവരുടെ കൈപിടിക്കും

എസ്‌ ശ്രീലക്ഷ്‌മിUpdated: Tuesday Sep 3, 2024


കൊച്ചി
പഠനപ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട്‌ നേരിടുന്ന കുട്ടികൾക്കായി സമഗ്രശിക്ഷാ കേരളം ‘ഹെൽപ്പിങ് ഹാൻഡ്‌’ പദ്ധതിയിൽ നടപ്പാക്കുന്നത്‌ 238 പ്രോജക്ടുകൾ. ഭാഷ, ഗണിതം, ശാസ്‌ത്രം എന്നീ വിഷയങ്ങളിൽ കുട്ടികൾക്കുള്ള പ്രശ്‌നങ്ങൾ മനസ്സിലാക്കി കൈപിടിച്ചുയർത്തുന്ന പദ്ധതിയാണിത്‌. കുട്ടികളെ സഹായിക്കാനുള്ള പഠനപ്രവർത്തനങ്ങളും വർക്‌ഷീറ്റുകളും അടങ്ങിയതാണ്‌ പ്രോജക്ടുകൾ. ഇതുവഴി ഭാഷ, ഗണിതം, ശാസ്‌ത്ര വിഷയങ്ങളിൽ പഠനനേട്ടങ്ങൾ കൈവരിക്കാൻ കുട്ടികളെ പ്രാപ്‌തരാക്കും. ആവശ്യമെങ്കിൽ കൂടുതൽ പഠനസാമഗ്രികൾ എസ്‌എസ്‌കെ ലഭ്യമാക്കും. സ്കൂളുകളിൽ അതത്‌ അധ്യാപകരാണ്‌ പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തുന്നത്‌. ജില്ലയിലെ സ്കൂളുകളിൽ പ്രോജക്ടുകളുടെ പ്രവർത്തനം മികച്ച രീതിയിലാണ്‌.

പ്രയോജനം 5 മുതൽ 
  12 വരെ ക്ലാസുകാർക്ക്‌
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പ്രത്യേകമായാണ്‌ പ്രോജക്ടുകൾ തയ്യാറാക്കിയിട്ടുള്ളത്‌. യുപി–-111, എച്ച്‌എസ്‌–-86, എച്ച്‌എസ്‌എസ്‌–-41 പ്രോജക്ടുകളുമാണ്‌ നടപ്പാക്കുന്നത്‌. പദ്ധതിക്കായി സ്കൂൾതലത്തിൽ തയ്യാറാക്കിയ അഞ്ഞൂറോളം പ്രോജക്ടുകളാണ്‌ ജില്ലയിലെ 112 ക്ലസ്റ്ററുകളിലായി അധ്യാപകർ അവതരിപ്പിച്ചത്‌. ഇവയിൽനിന്ന്‌ തെരഞ്ഞെടുത്തവ ബിആർസി തലത്തിൽ അവതരിപ്പിച്ചു. 15 ബിആർസികളിൽനിന്നുമാണ്‌ 238 പ്രോജക്ടുകൾ ഹെൽപ്പിങ് ഹാൻഡിനായി തെരഞ്ഞെടുത്തത്‌. സമഗ്രശിക്ഷാ കേരളത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച്‌ ഇവ കൂടുതൽ മെച്ചപ്പെടുത്തിയാണ്‌ സ്കൂളുകളിൽ നടപ്പാക്കുന്നത്‌.

ആലുവ–-41, അങ്കമാലി–-30, എറണാകുളം–-29, കല്ലൂർക്കാട്‌–-13, കോലഞ്ചേരി–-8, കൂത്താട്ടുകുളം–-10, കോതമംഗലം–-23, മട്ടാഞ്ചേരി–-3, മൂവാറ്റുപുഴ–-3, നോർത്ത്‌ പറവൂർ–8, പെരുമ്പാവൂർ–-11, പിറവം–-3, തൃപ്പൂണിത്തുറ–-30, വൈപ്പിൻ–-15, കൂവപ്പടി–-15 എന്നിങ്ങനെയാണ്‌ ബിആർസി തിരിച്ച്‌ നടപ്പാക്കുന്ന പ്രോജക്ടുകളുടെ കണക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top