14 October Monday

അഭിമാന നിറവിൽ ആദരം; 
‘ഗോൾ’ നേടാൻ പഠിപ്പിച്ച്‌ ശ്രീജേഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് വഴിയരികിൽനിന്ന 
സ്കൂൾ കുട്ടികൾക്ക് കെെകൊടുക്കുന്നു ഫോട്ടോ/ സുനോജ് നൈനാൻ മാത്യു


കൊച്ചി
‘‘എന്തിനാണിത്‌ ചെയ്യുന്നത്‌, ഇങ്ങനെ ചെയ്താൽ മതിയോ. ഈ രണ്ട്‌ ചോദ്യങ്ങൾ സ്വയം ചോദിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്‌താൽ ലക്ഷ്യവും അത്‌ നേടാനുള്ള വഴിയും തെളിയും. ചെയ്യുന്നത്‌ നന്നായി ചെയ്യണം. കഠിനാധ്വാനം നടത്തണം’’. കളിക്കളത്തിൽമാത്രമല്ല, ജീവിതത്തിലും ഗോൾ അഥവാ ലക്ഷ്യം നേടാനുള്ള തന്ത്രമാണ്‌ എതിരാളികളുടെ ഗോൾനീക്കങ്ങൾ തകർത്ത്‌ ഇന്ത്യക്ക്‌ രണ്ട്‌ ഒളിമ്പിക്‌സ്‌ മെഡൽ സമ്മാനിച്ച ഹോക്കി ഇതിഹാസം പി ആർ ശ്രീജേഷ്‌ ഭാവിതാരങ്ങൾക്ക്‌ പകർന്നത്‌. പാരിസ്‌ ഒളിമ്പിക്‌സിൽ നേടിയ വെങ്കലമെഡലും ഉയർത്തിക്കാട്ടിയതോടെ ആവേശം ഇരട്ടിച്ചു.

കൊച്ചി റീജണൽ സ്‌പോർട്‌സ്‌ സെന്ററിന്റെ ആദരം ഏറ്റുവാങ്ങിയപ്പോഴായിരുന്നു ശ്രീജേഷ്‌ കുട്ടികൾക്ക്‌ വിജയത്തിലേക്കുള്ള വഴികാട്ടിയത്‌. ‘കുട്ടികൾ ഏതെങ്കിലും വിനോദങ്ങളിൽ ഏർപ്പെടാത്തതാണ്‌ ലഹരിക്ക്‌ അടിപ്പെടാൻ ഇടയാക്കുന്നത്‌. വിനോദങ്ങളിൽ ഏർപ്പെട്ടാൽ സന്തോഷകരമായ ജീവിതം അതിലൂടെയുണ്ടാകും. ഞാനിപ്പോൾ മുൻ താരമാണ്‌. ആദരവും അനുമോദനവും ആസ്വദിക്കുകയാണിപ്പോൾ’–- ശ്രീജേഷ്‌ പറഞ്ഞു.

ഒളിമ്പിക്‌സിൽ മെഡൽ സമ്മാനിച്ച ശ്രീജേഷിന്‌ അഞ്ചുലക്ഷം രൂപയുടെ ചെക്ക്‌ മന്ത്രി പി രാജീവ്‌ സമ്മാനിച്ചു. 100 ഗ്രാമിന്റെ വെള്ളിനാണയവും നൽകി. ശ്രീജേഷിനെ മാതൃകയാക്കണമെന്ന്‌ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിമാനമാണ്‌ ശ്രീജേഷ്‌. ഒളിമ്പ്യനാവുകതന്നെ കടുപ്പമാണ്‌. മെഡൽ കിട്ടുക അതിനേക്കാൾ കഠിനം. ശ്രീജേഷ്‌ തുടർച്ചയായി രണ്ടാമതും ഒളിമ്പിക്‌സ്‌ മെഡൽ നേടിയത്‌ മലയാളികളെ സംബന്ധിച്ച്‌ ആദ്യാനുഭവമാണ്‌. അദ്ദേഹത്തിന്റെ സമർപ്പണമാണ്‌ പ്രധാനം. ഇന്ന്‌ ലഹരി പലയിടങ്ങളിലും വ്യാപകമാണ്‌. എന്നാൽ, ശരിയായ ലഹരി കായികരംഗമാണെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ്‌ എംഎൽഎ, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, എസ്‌ എ എസ്‌ നവാസ്‌, അനിൽ ജോസഫ്‌ എന്നിവർ സംസാരിച്ചു. മേജർ ധ്യാൻചന്ദ്‌ ലൈബ്രറി ആൻഡ്‌ റീഡിങ്‌ റൂമും ജിമ്മി ജോർജ്‌ ഓപ്പൺ ജിമ്മും ശ്രീജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ലഹരിവിരുദ്ധപ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top