07 June Sunday

പിന്തുണയ്‌ക്ക്‌ നന്ദി, ‌ വീണ്ടും യുദ്ധക്കളത്തിലേക്ക്‌

ശ്രീരാജ‌് ഓണക്കൂർUpdated: Friday Apr 3, 2020


കൊച്ചി
‘‘എല്ലാവർക്കും നന്ദി... കൂടെനിന്നവർക്കും പ്രാർഥിച്ചവർക്കും ധൈര്യം തന്നവർക്കും. നിങ്ങളുടെ പ്രാർഥന ഇനിയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ വീണ്ടും യുദ്ധക്കളത്തിലേക്ക്’’–- കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി ആതുര ശുശ്രൂഷയ്‌ക്ക്‌ വീണ്ടുമെത്തിയ നേഴ്‌സ്‌ ഡിജോ ഫെയ്‌സ്‌ബുക്കിൽ കുറിച്ച വാക്കുകൾ.

ഇറ്റലി ഗാസനീഗ സഞ്‌ജുസറ്റ ഓൾഡ്‌ ഏജ്‌ ഹോമിലെ  നേഴ്‌സാണ്‌ തൊടുപുഴ സ്വദേശി ഡിജോ. മൂന്നാഴ്‌ചയോളം വീട്ടിൽ ചികിത്സയിലായിരുന്ന ഡിജോ, ഞായറാഴ്‌ച മുതലാണ്‌ കോവിഡ്‌ രോഗികളെ പരിചരിക്കാൻ വീണ്ടും എത്തിത്തുടങ്ങിയത്‌.  ഓൾഡ്‌ ഏജ്‌ ഹോമിലെ  രോഗികളെ പരിചരിച്ച ഡിജോയ്‌ക്ക്‌ എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ ചെറിയ തലവേദന അനുഭവപ്പെട്ടിരുന്നു. ഇത്‌ കാര്യമാക്കാതെ പാരസെറ്റമോൾ കഴിച്ചു വീണ്ടും ഡ്യൂട്ടിക്ക്‌ കയറി. മാർച്ച്‌ ആദ്യയാഴ്‌ച പനി തുടങ്ങി. ഒപ്പം തലവേദനയും  ശരീരവേദനയും.  കുടുംബ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ വീട്ടിൽ  നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദേശം. ടെസ്‌റ്റ്‌ ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ രോഗലക്ഷണങ്ങൾ വച്ച്‌ കോവിഡാണെന്ന്‌  സ്ഥിരീകരിച്ചു.

ഭാര്യ സൗമ്യ ബെർഗമോ ഡൗൺകാർലോ ബേത്ത റീ ഹാബിലിറ്റേഷൻ സെന്ററിൽ നേഴ്‌സാണ്‌.   രണ്ടും നാലും വയസ്സുള്ള രണ്ട്‌ കുട്ടികളും വീട്ടിലുണ്ട്‌. ഇതോടെ റൂമിനുള്ളിൽ മാസ്‌ക്‌ വച്ച്‌ കഴിഞ്ഞു. കോവിഡാണെന്ന്‌ അറിഞ്ഞതോടെ ആരും വീട്ടിലേക്ക്‌ വരാതായി. കുറച്ചുകഴിഞ്ഞതോടെ വരണ്ട ചുമ തുടങ്ങി. പിന്നെയത്‌ കൂടി. പത്തടി പോലും മുന്നോട്ടു പോകാനാകാത്ത അത്ര കിതപ്പായി. ചുമ തുടങ്ങിയാൽ അടിവയറ്‌ മുതൽ ശക്തമായ വേദനയും 13 ദിവസത്തോളം ശക്തമായ പനിയും.  ഭാര്യ രണ്ടാഴ്‌ചത്തേക്കുള്ള സാധനങ്ങൾ വാങ്ങിയതിനാൽ ഭക്ഷണത്തിന്‌ പ്രശ്‌നമുണ്ടായില്ല.

ജോലി ചെയ്യുന്ന സ്ഥലത്ത്‌ ഇപ്പോൾത്തന്നെ 22 പേർ കോവിഡ്‌ പോസിറ്റീവാണ്‌. 10 ദിവസം കൂടുമ്പോഴാണ്‌ മാസ്‌കും എപ്രണുമെല്ലാം ലഭിക്കുന്നത്‌. പക്ഷേ, കോവിഡ്‌ രോഗികളെ തനിച്ചാക്കാനാവില്ലല്ലോയെന്നും ഡിജോ.  സൗമ്യയ്‌ക്ക്‌ പനിയായതിനാൽ അവൾ സിക്ക്‌ ലീവിലാണ്‌. കുട്ടികൾക്ക്‌ ചെറിയ പനി വന്നെങ്കിലും കുറഞ്ഞു. അതുമാത്രമാണ്‌ ആശ്വാസമെന്നും ഡിജോ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top