കളമശേരി
നിർധനരോഗികളെ വീടുകളിലെത്തി പരിചരിക്കാനായി സുമനസ്സുകളുടെ കനിവിൽ പ്രവർത്തനം ആരംഭിച്ച കളമശേരി കനിവ് കെയർ സംഘത്തിന്റെ ഫിസിയോ തെറാപ്പി കേന്ദ്രം നാലാംവയസ്സിലേക്ക്. തൃക്കാക്കരയിൽ 28ഉം കളമശേരിയിലും ഏലൂരിലും 20 വീതവും കിടപ്പുരോഗികളെ പരിചരിക്കാന്‍ 2019 സെപ്തംബറിലാണ് കനിവ് ഹോം കെയർ തുടങ്ങിയത്. 2020 ഫെബ്രുവരി രണ്ടിന് കളമശേരി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ബി ടി ആർ മന്ദിരത്തിലെ താഴെ നിലയിൽ ആധുനിക സജ്ജീകരണങ്ങളോടെ ഫിസിയോ തെറാപ്പി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. രണ്ടു ജീവനക്കാരാണുണ്ടായിരുന്നത്. മസ്തിഷ്കാഘാതം, അപകടം, വാർധക്യരോഗങ്ങൾ, ക്യാൻസർ, ഗുരുതര മാനസിക പ്രശ്നം എന്നിവയാല്‍ കിടപ്പുരോഗികളാകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഫലപ്രദമായ ഫിസിയോ തെറാപ്പി നല്‍കാനാകാതെ വന്നു. ഈ സാഹചര്യത്തിലാണ് 2000 ചതുരശ്ര അടിയിൽ അഞ്ച് ട്രീറ്റ്മെന്റ് ബെഡ്, ടിൽറ്റ് ടേബിൾ, സ്റ്റാറ്റിക് ക്വാഡ്രിസെപ് തുടങ്ങി ആധുനിക ഉപകരണങ്ങളും ഒരു വാഹനവുമായി ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
ഇപ്പോൾ കളമശേരി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കനിവിന് രണ്ടു വാഹനങ്ങളുണ്ട്. ഡ്രൈവർ ഉൾപ്പെടെ ഏഴുപേർ ജീവനക്കാരുണ്ട്. ഡോക്ടർമാരായ മാത്യൂസ് നമ്പേലിൽ, അതുൽ ജോസഫ്, വി ജി അനീഷ് എന്നിവരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്. ദിവസം ഇരുപതിലധികം രോഗികള്‍ കേന്ദ്രത്തിലെത്തുന്നുണ്ട്. 975 കിടപ്പുരോഗികളെയും പരിചരിക്കുന്നുണ്ട്.
ഹോം കെയര്‍, തെറാപ്പി സെന്റര്‍ എന്നീ രണ്ടുവിഭാഗമായാണ് കനിവിന്റെ പ്രവര്‍ത്തനം. സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് മരുന്ന്, ഡയപ്പർ, വീൽചെയർ, എയർ ബെഡ് എന്നിവ വാങ്ങി നൽകുന്നുണ്ട്. വാഹനങ്ങളിലെ ഇന്ധനം, ശമ്പളച്ചെലവ് എന്നിവയുൾപ്പെടെ മാസം രണ്ടു ലക്ഷം രൂപ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി കണ്ടെത്തണം. ഇത് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് സ്വരൂപിക്കുന്നത്. വീടുകളില്‍ ബോക്സ് സ്ഥാപിച്ച് കനിവ് സഹായം തേടുന്നുണ്ട്. കൂടാതെ മാസം നിശ്ചിത തുക സംഭാവന നല്‍കുന്ന സുമനസ്സുകളുമുണ്ട്. കെ ബി വർഗീസ് (പ്രസിഡന്റ്), പി എം മുജീബ് റഹ്മാൻ (സെക്രട്ടറി), പി എം രാജേഷ് (ട്രഷറർ) എന്നിവരടങ്ങിയ സമിതിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നയിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..