29 January Saturday

പാരന്റിങ് ക്ലിനിക് 
ഇനി പഞ്ചായത്തിലും

സ്വന്തം ലേഖികUpdated: Thursday Dec 2, 2021


കൊച്ചി/ തിരുവനന്തപുരം
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ഔട്ട്‌റീച്ച്‌ ക്യാമ്പുകളിലൂടെ ലഭ്യമാക്കും. സംയോജിത ശിശു വികസന പദ്ധതി വഴിയാണ് ഈ മാസം ക്യാമ്പുകൾ ആരംഭിക്കുക. നിലവിൽ കോർപറേഷനിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിലുമുള്ള പാരന്റിങ് ക്ലിനിക്കുകൾക്കു പുറമെയാണിത്‌.

പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ  ശനിയാഴ്ചകളിലാണ് ഔട്ട്റീച്ച് ക്യാമ്പ്‌ സംഘടിപ്പിക്കുക. പകൽ രണ്ടുമുതൽ അഞ്ചുവരെയാണ്‌ സമയം. ഓരോ ആഴ്‌ചയും ഓരോ പഞ്ചായത്തുകളിലാകും ക്യാമ്പ്. ഈ ക്രമം ആവർത്തിക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നുട്രീഷനിസ്റ്റ്, കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റ്‌ എന്നിവരുടെ സേവനം ഏർപ്പെടുത്തും.

ഐസിഡിഎസ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ശിശു വികസന പ്രോഗ്രാം ഓഫീസർമാർക്കാണ്‌ ചുമതല. അങ്കണവാടി പ്രവർത്തകർ, പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരിലൂടെ രക്ഷിതാക്കളെ അറിയിക്കും.

കോർപറേഷൻ, ബ്ലോക്ക്‌ പഞ്ചായത്തുതലത്തിൽ  ഫെബ്രുവരിയിലാണ് പാരന്റിങ്‌ ക്ലിനിക്ക്‌ ആരംഭിച്ചത്. കുട്ടികളിലെ അക്രമവാസന, മാനസികസംഘർഷങ്ങൾ എന്നിവ പരിഹരിക്കാൻ നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്‌. നവംബർ 30 വരെ 6233 രക്ഷാകർത്താക്കൾക്കും 5876 കുട്ടികൾക്കും ക്ലിനിക്കിലൂടെ സേവനം നൽകി. പെരുമാറ്റപ്രശ്നങ്ങളുമായി ബന്ധപ്പെട്ട 2041 കേസുകൾ, 1216 കുടുംബപ്രശ്നങ്ങൾ, 1951 വൈകാരിക പ്രശ്നങ്ങൾ, 1097 പഠനവൈകല്യ പ്രശ്നങ്ങൾ മുതലായവയും ക്ലിനിക്കിലൂടെ കൈകാര്യം ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top