02 June Tuesday

കുടുംബത്തിന്‌ കണ്ണാണ്‌ ഈ കണ്മണി

വി ടി ശിവൻUpdated: Monday Dec 2, 2019

വീടിൻ വിളക്ക്‌.... നിത്യ കുഞ്ഞുമായി. അച്ഛൻ നെൽസൻ, അമ്മ സുധ, സഹോദരൻ നിധിൻ എന്നിവർ സമീപം

തൃക്കാക്കര > അത്താണി  നിധിൻനിവാസിൽ  ഇക്കുറി  ക്രിസ്‌മസ്‌ നേരത്തെയാണ്‌. മഞ്ഞുപുതച്ച രാവിൽ കരോൾ സംഘങ്ങൾ എത്തുംമുമ്പേ  ആഘോഷങ്ങൾക്ക്‌ തിരുപ്പിറവി. കാഴ്‌ചപരിമിതർ നിറഞ്ഞ കുടുംബത്തിന്‌ കണ്ണായി ജനിച്ച കുഞ്ഞാവയുടെ  മാമ്മോദീസയാണ്‌ ഡിസംബർ 15ന്‌.  അവൾ പൊഴിക്കുന്ന പാൽപ്പുഞ്ചിരി അമ്മയും അമ്മൂമ്മയും അപ്പാപ്പനും അകക്കണ്ണിൽ കാണുന്നുണ്ട്‌. 

പാറമടയ്ക്ക് സമീപമുള്ള  ഈ വീട്ടിലെ ഗൃഹനാഥൻ നെൽസണും ഭാര്യ  സുധയ്‌ക്കും 80 ശതമാനം കാഴ്‌ചശക്തിയില്ല.  ഇവരുടെ മക്കളായ നിധിനും  നിത്യയും  ഇരുട്ടിന്റെ ലോകത്തുതന്നെ.  കെട്ടിടനിർമാണ സൂപ്പർവൈസറായ സുബിനുമായി നിത്യയുടെ വിവാഹം നടത്തിയതിനുശേഷം കുടുംബം കടുത്ത ആശങ്കയിലായിരുന്നു. അന്ധതയുടെ പാരമ്പര്യം പുതിയ തലമുറയും പേറേണ്ടി വരുമോയെന്ന പേടി ഉറക്കംകെടുത്തി. നെൽസന്റെ കുടുംബത്തിൽ മൂന്നുപേർക്കും സുധയുടെ വീട്ടിൽ അഞ്ചുപേർക്കും അന്ധതയുണ്ടായിരുന്നു.

കഴിഞ്ഞ ഒക്‌ടോബർ 13ന്‌ നിത്യ പെൺകുഞ്ഞിന്‌ ജന്മം നൽകി. കുഞ്ഞിന്റെ  കണ്ണിന് കുഴപ്പമില്ലന്ന്‌ ഡോക്ടർമാർ പറഞ്ഞതോടെ കാർമേഘങ്ങൾ ഒഴിഞ്ഞു. അതോടെ, കാക്കനാട് പെൻഷൻഭവൻ ഓഡിറ്റോറിയത്തിൽ മാമ്മോദീസാ ചടങ്ങുകൾ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളായി. സന്തോഷത്തിന്റെ വേളയിലും നെൽസന്റെ ആശങ്കകൾക്ക്‌ അറുതിയായിട്ടില്ല. കുഞ്ഞിന്‌  ഒരു വർഷത്തിനുശേഷം വിദഗ്‌ധപരിശോധന നടത്തണമെന്നാണ് നെൽസന്റെ അഭിപ്രായം. അതിന് അദ്ദേഹം കാരണവും കണ്ടെത്തുന്നു. തന്റെ രണ്ടു മക്കളും ജനിച്ചപ്പോൾ പ്രാഥമിക പരിശോധനയിൽ ഡോക്ടർമാർ കുഴപ്പം കണ്ടെത്തിയിരുന്നില്ലെന്ന്‌  നെൽസൺ പറയുന്നു.

അന്ധവിദ്യാലയത്തിൽ പഠിക്കുമ്പോഴുണ്ടായ അടുപ്പമാണ്‌  കൊല്ലം സ്വദേശി  നെൽസന്റെയും തിരുവനന്തപുരം സ്വദേശിനി സുധയുടെയും വിവാഹത്തിലെത്തിയത്‌. മിശ്രവിവാഹിതരായ ഇവർ കാക്കനാട് താമസം തുടങ്ങിയിട്ട്‌  കാൽനൂറ്റാണ്ടായി.  രേഖകളിൽ  80 ശതമാനമാണ്‌ അന്ധതയെങ്കിലും നെൽസണ്‌ പൂർണമായും കാഴ്‌ചയില്ല.  വീട്ടിൽനിന്ന്‌ അപൂർവമായേ പുറത്തിറങ്ങാറുള്ളൂ. 80 ശതമാനംതന്നെ അന്ധതയുള്ള  സുധയ്‌ക്ക്‌  മത്സ്യവകുപ്പിൽ മെസഞ്ചർ ജോലിയുണ്ട്‌. നിധിനും നിത്യയും കീഴ്മാട് അന്ധവിദ്യാലയത്തിലാണ് പഠിച്ചത്.   മഹാരാജാസ്‌  കോളേജിൽനിന്ന്‌ ബിഎ ഇംഗ്ലീഷിൽ ബിരുദം നേടിയ നിധിൻ ഇഎസ്ഐ കോർപറേഷനിൽ ക്ലർക്കാണ്‌.  നിത്യ പഞ്ചാബ് നാഷണൽ ബാങ്കിൽ ക്ലാസ് ഫോർ ജീവനക്കാരിയും. നിധിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമായി. ഭാര്യ നിമ  സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇരുവരും കാക്കനാട്‌  വീടെടുത്ത്‌ താമസിക്കുന്നു. 

നെൽസനും സുധയ്‌ക്കും  ഒപ്പം  നിത്യയും ഭർത്താവുമാണ്‌  താമസിക്കുന്നത്.  ഇവരുടെ  വീടിന്‌ കാവലായി ഒരാളുണ്ട്;  ടാനി എന്ന വളർത്തുനായ. വീടിന് പരിസരത്ത് ആരുചെന്നാലും അവൻ കുരച്ച് ബഹളമുണ്ടാക്കി നാട്ടുകാരെ  കൂട്ടും.


പ്രധാന വാർത്തകൾ
 Top