13 October Sunday

എച്ച്എംടി കവലയിൽ 
ട്രാഫിക് പരിഷ്‌കാരത്തിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കളമശേരി
എച്ച്എംടി കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺവേ ട്രാഫിക് പരിഷ്കാരം വ്യവസായമന്ത്രി പി രാജീവ് ബുധൻ രാവിലെ 8.30ന് ഫ്ലാഗ് ഓഫ് ചെയ്യും. പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെങ്കിലും വിജയകരമായാൽ സ്ഥിരപ്പെടുത്തും.  ദേശീയപാതയിൽ ആര്യാസ് കവല, എച്ച്എംടി കവല, ടിവിഎസ് കവല ഉൾപ്പെടുന്ന പ്രദേശം  ട്രാഫിക് റൗണ്ടാക്കിയാണ്‌ പരിഷ്‌കാരം. സിഗ്നലുകളും വാഹനങ്ങളുടെ ക്രോസിങ്ങും ഇല്ലാത്തതിനാൽ സുഗമമായ ഗതാഗതം സാധ്യമാകും. റെയിൽവേ മേൽപ്പാലത്തിൽ വാഹനങ്ങൾ ഒരുഭാഗത്തേക്ക് മാത്രമായതിനാൽ വാഹനസാന്ദ്രത കുറയും. ഇത്‌ കാൽനടക്കാർക്ക് ആശ്വാസമാകും.

കവലകളിലെ നവീകരണം പൂർത്തിയായി. ദേശീയപാതയിൽ ട്രാക്ക് മാറുന്നതിന് ആവശ്യമായ ക്രമീകരണങ്ങളായി. എച്ച്എംടി കവലയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ക്രമീകരിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണത്തിലാകും നടപടികൾ.

ഡ്രൈവർമാർ ശ്രദ്ധിക്കുക
● കാക്കനാട്, മെഡിക്കൽ കോളേജ്, എൻഎഡി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എച്ച്എംടി ജങ്‌ഷനിൽനിന്ന് ഇടത്തേക്ക്‌ തിരിഞ്ഞുപോകണം
● ആലുവ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ആര്യാസ് ജങ്‌ഷനിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് എച്ച്എംടി ജങ്‌ഷൻവഴി പോകണം.
● എച്ച്എംടി കവലവഴി ടിവിഎസ് കവലയിൽ എത്തിച്ചേരുന്ന വാഹനങ്ങളിൽ എറണാകുളം  ഭാഗത്തേക്ക്‌ പോകേണ്ടവർ ഇടത്തേക്കും ആലുവയിലേക്ക്‌ വലത്തേക്കും തിരിയണം.  ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാതയുടെ കിഴക്കേ ട്രാക്കിലൂടെ പോയി ആര്യാസ് ജങ്‌ഷനിൽനിന്ന്‌ പടിഞ്ഞാറെ ട്രാക്കിലേക്കുമാറി യാത്ര തുടരണം.
● സൗത്ത് കളമശേരി എറണാകുളം ഭാഗത്തുനിന്ന്‌ കാക്കനാട്, എൻഎഡി, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടിവിഎസ് ജങ്‌ഷനിൽനിന്ന്‌ ദേശീയപാതയിലൂടെ ആലുവ ദിശയിൽ 200 മീറ്റർ മുന്നോട്ടുപോയി  റെയിൽവേ ഓവർബ്രിഡ്ജിനുമുമ്പായി നൽകിയിട്ടുള്ള ഓപ്പണിങ്‌ ഉപയോഗപ്പെടുത്തി കിഴക്കേ ട്രാക്കിലേക്ക് മാറണം. തുടർന്ന് ആര്യാസ് ജങ്‌ഷനിലെത്തി വലത്തേക്ക് തിരിഞ്ഞുപോകണം.
● ആലുവ ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾക്ക് ആര്യാസ് കവലയിൽ യുടേൺ സൗകര്യമുണ്ട്‌. ഭാരവാഹനങ്ങൾ എച്ച്എംടി ജങ്‌ഷനിലൂടെ മുന്നോട്ടുപോയി ടിവിഎസ് ജങ്‌ഷനിൽനിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞ് തിരികെ ആലുവ ഭാഗത്തേക്ക് പോകണം.
● എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് ടിവിഎസ് കവലയിൽ യുടേൺ സൗകര്യമുണ്ട്‌.
● എറണാകുളം ഭാഗത്തുനിന്ന്‌ ആലുവ ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകൾ സൗത്ത് കളമശേരിവഴി  ടിവിഎസ് ജങ്‌ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് ആര്യാസ് ജങ്‌ഷനിൽനിന്ന്‌ എച്ച്എംടി ജങ്‌ഷനിലെത്തി ആളുകളെ ഇറക്കി മുന്നോട്ടിപോയി ടിവിഎസ് ജങ്‌ഷനിൽനിന്ന്‌ വലത്തേക്കുതിരിഞ്ഞ് ആലുവ ഭാഗത്തേക്കുപോകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top