14 July Tuesday

ജില്ലയിൽ രോഗികൾ 32 ; വടവുകോട്‌ 7 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കൊച്ചി
ജില്ലയിൽ മൂന്നുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27ന്‌ കുവൈറ്റിൽനിന്ന്‌ വന്ന  കുറുപ്പംപടി സ്വദേശിയായ മുപ്പത്തെട്ടുകാരിയാണ്‌ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസ് ഉദ്യോഗസ്ഥയായ നാൽപ്പത്തൊമ്പതുകാരിയാണ് രണ്ടാമത്തെയാൾ. ഗൾഫിൽ ജോലി ചെയ്‌തുവരുമ്പോൾ നടത്തിയ പതിവുപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തേവര സ്വദേശിനിയാണ്. മുംബൈയിൽനിന്ന്‌ 12 യാത്രക്കാരുമായി മെയ് 15ന്‌ എത്തിയ ടെമ്പോ ട്രാവലറിന്റെ ഡ്രൈവറാണ് മൂന്നാമത്തെയാൾ. 31 വയസ്സുണ്ട്‌. പാലാരിവട്ടം സ്വദേശിയാണ്‌.  മെയ് 15 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ട്രാവലറിൽ വന്ന 12 പേർക്കും പിന്നീട് വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ്‌ രോഗലക്ഷണമില്ലെങ്കിലും ട്രാവലർ ജീവനക്കാരെയും പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. മൂവരും എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.

ആകെ 32 പേരാണ്‌ ഇപ്പോൾ  ജില്ലയിൽ ചികിത്സയിലുള്ളത്‌. ഇതിൽ നാലുപേർ ഐഎൻഎച്ച്എസ് സഞ്ജീവനിയിലാണ്‌. 757 പേരെക്കൂടി തിങ്കളാഴ്‌ച വീടുകളിൽ നിരീക്ഷണത്തിലാക്കി. 460 പേരെ ഒഴിവാക്കി. 9038 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌.  ഇതിൽ 8129 പേർ വീടുകളിലും 619 പേർ കോവിഡ് കെയർ സെന്ററുകളിലും 290 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. എട്ടുപേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. നാലുപേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 93 ആണ്.

പരിശോധനയ്ക്ക് 96 സാമ്പിളുകൾകൂടി അയച്ചു. 162 ഫലങ്ങളാണ് ലഭിക്കാനുള്ളത്.വിമാനമാർഗം വിദേശത്തുനിന്ന് 77 പേരാണ് എത്തിയത്‌. മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വിമാനമാർഗം 274 പേരും കപ്പൽമാർഗം 65 പേരും എത്തി. പുണെയിൽനിന്നുള്ള ശ്രമിക് ട്രെയിനിൽ 131 യാത്രക്കാരും വന്നു.

വടവുകോട്‌ 7 പേർ നിരീക്ഷണത്തിൽ
വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്തിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലിരുന്ന കുറുപ്പംപടി സ്വദേശിനിക്ക് കോവിഡ്–-19 സ്ഥിരീകരിച്ചതോടെ ഇവരുമായി അടുത്തിടപഴകിയ ആരോഗ്യവകുപ്പ് ജീവനക്കാരടക്കം ഏഴുപേർ നിരീക്ഷണത്തിലായി. ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഒരു വളന്റിയർ, മൊബൈൽ സിം മാറ്റിനൽകിയ വ്യക്തി, രണ്ട് പഞ്ചായത്ത് ജീവനക്കാർ എന്നിവരാണ് നിരീക്ഷണത്തിൽ പോയത്.

മെയ് 27ന്‌ കുവൈത്ത്‌ വിമാനത്തിലാണ് കുറുപ്പംപടി സ്വദേശിനി എത്തിയത്. ശക്തമായ ചുമയുണ്ടായിരുന്ന ഇവർ ആരോഗ്യപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരിശോധനയ്‌ക്ക് വിധേയയായത്. കോവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ ജീവനക്കാരിൽ ചിലർ തിങ്കളാഴ്‌ച വടവുകോട് സിഎച്ച്‌സിയുടെ പുതിയ മന്ദിരം ഉദ്ഘാടന ചടങ്ങിൽ സജീവമായി പങ്കെടുത്തിരുന്നു. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ പരിപാടിയിൽ പങ്കെടുത്തതും വിവാദമായി.


പ്രധാന വാർത്തകൾ
 Top