18 April Sunday

വളന്തകാട് വിളിക്കുന്നു; സഞ്ചാരികളേ വരൂ...

അമൽ ഷൈജുUpdated: Tuesday Mar 2, 2021

വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജിന്റെ ഭാഗമായി ഓലമെടയുന്ന വളന്തകാട് നിവാസികൾ



കൊച്ചി
വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി വളന്തക്കാട് നിവാസികൾ. വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ "വില്ലേജ് ലൈഫ് എക്സ്പീരിയൻസ്' പാക്കേജ്‌ ദ്വീപിൽ നടപ്പാക്കും. വിനോദസഞ്ചാര മേഖലയുടെ ഗുണഫലങ്ങൾ സാധാരണക്കാരായ ഗ്രാമീണർക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 45 കുടുംബങ്ങളാണ്‌ ദ്വീപിലുള്ളത്‌. ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റ് അംഗങ്ങളായ ഇവരെ ഉൾപ്പെടുത്തിയാണ് പുതിയ പാക്കേജിന് രൂപംനൽകുക. വല നെയ്ത്ത്, ആഭരണപ്പെട്ടി നിർമാണം, പായ നെയ്ത്ത്‌, വിവിധ രീതിയിലുള്ള മത്സ്യബന്ധനം, ഓലമെടയൽ, തെങ്ങുകയറ്റം, കക്ക വാരൽ, നാടൻ വിഭവങ്ങളും മത്സ്യവിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണം, കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ച്‌ ബോട്ടുയാത്ര എന്നിവ ഇവിടെ ഒരുക്കും.

ഒരു കുടുംബത്തിന് 2650 രൂപ മുടക്കി വളന്തക്കാടിന്റെ ഭംഗി ആസ്വദിക്കാം. ആവശ്യക്കാർക്കായി തിരുവാതിരകളി ഉൾപ്പെടെയുള്ള കലാപരിപാടികളും ഒരുക്കും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് 3.30 വരെയാണ് സന്ദർശന സമയം. സഞ്ചാരികൾ മുടക്കുന്ന മുഴുവൻ തുകയും ദ്വീപ് നിവാസികളിലേക്ക്‌ എത്തുമെന്നതാണ്‌ പാക്കേജിന്റെ സവിശേഷത. പദ്ധതി നടത്തിപ്പിനായി പ്രദേശത്ത്‌ പുതിയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌. ഉത്തരവാദിത്ത ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ഫ്ലോട്ടിങ് ഫെസിലിറ്റേഷൻ സെന്ററിന്റെയും വീടുകളിലേക്കുള്ള നടപ്പാതയുടെയും നിർമാണം ഇവിടെ പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top