03 August Monday

നഗരത്തിലെ വെള്ളക്കെട്ട്‌ : മേയർക്കെതിരെ ഡിസിസി നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


കൊച്ചി
കഴിഞ്ഞ ഒക്‌ടോബറിൽ ഉണ്ടായതുപോലുള്ള വെള്ളക്കെട്ട്‌ ആവർത്തിച്ചത്‌ മേയറുടെയും നഗരസഭാ അധികൃതരുടെയും കഴിവുകേടുകൊണ്ടെന്ന്‌ ഡിസിസിയിലെ മുതിർന്ന നേതാക്കളുടെ വിമർശം. മേയർ സൗമിനി ജെയിനെ ഡിസിസി ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ നേതാക്കൾ പ്രതിഷേധം രൂക്ഷമായ ഭാഷയിൽ അറിയിച്ചത്‌. ബുധനാഴ്‌ച നഗരത്തിൽ വെള്ളക്കെട്ടുണ്ടായതിനെ ഹൈക്കോടതിയും വിമർശിച്ച സാഹചര്യത്തിലാണിത്‌. വെള്ളക്കെട്ടിന്‌ മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ്‌ മേയറുടെ ശ്രമമെന്നും ആദ്യം മേയറും നഗരസഭയും സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇങ്ങനെപോയാൽ വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവരുമെന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു.

ഡിസിസി പ്രസിഡന്റുകൂടിയായ ടി ജെ വിനോദ്‌ എംഎൽഎ, ഹൈബി ഈഡൻ എംപി, പി ടി തോമസ്‌ എംഎൽഎ, കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ തുടങ്ങിയവരാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. എല്ലാവരും മേയറുടെ നടപടികളെ വിമർശിച്ചെങ്കിലും ഹൈബി ഈഡൻ എംപിയാണ്‌ കടുത്ത വിമർശം ഉന്നയിച്ചത്‌. മേയർ ഒരു കാര്യവും പാർടിയുമായി ആലോചിക്കുന്നില്ലെന്നും വെള്ളക്കെട്ടും തുടർന്നുണ്ടായ പ്രതിസന്ധിയും അവർ വരുത്തിവച്ചതാണെന്നും ഇത്‌ തുടരാനാകില്ലെന്നും ഹൈബി പറഞ്ഞു. ‘മേയർ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ നോക്കേണ്ട. വെള്ളക്കെട്ടുവിഷയത്തിൽ ഹൈക്കോടതിയിൽനിന്ന്‌ ഗുരുതര പരാമർശമാണുണ്ടായത്‌. അതിനെ ഫലപ്രദമായി നേരിടണം’–- ഹൈബി പറഞ്ഞു.

കഴിഞ്ഞവർഷം ഉണ്ടായതുപോലെ വെള്ളക്കെട്ട്‌ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌‌ മൂന്നുമാസംമുമ്പ്‌ ഡിസിസി നേതൃത്വം മേയർക്ക്‌ നിർദേശങ്ങൾ നൽകിയതാണ്‌. അതൊന്നും നടപ്പാക്കിയില്ലെന്ന വിമർശവുമുയർന്നു. ഒക്‌ടോബറിലെ വെള്ളക്കെട്ടിനെ തുടർന്ന്‌ മേയറെ മാറ്റണമെന്ന്‌ തങ്ങൾ ആവശ്യപ്പെട്ട കാര്യവും നേതാക്കൾ ഓർമിപ്പിച്ചു. തേവര–-പേരണ്ടൂർ കനാൽ ശുചീകരിക്കാൻ 20 കോടിയോളം രൂപ ചെലവഴിച്ചിട്ടും ഫലം കാണാത്തതെന്തെന്ന ചോദ്യവുമുയർന്നു. അതിൽ അപാകമുണ്ടെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടത്‌ തള്ളിക്കളയാനാകില്ല. ചൊവ്വാഴ്‌ച കേസ്‌ വീണ്ടും കോടതി പരിഗണിക്കുമ്പോൾ കാര്യങ്ങൾ വേണ്ടരീതിയിൽ അവതരിപ്പിച്ചില്ലെങ്കിൽ കൂടുതൽ കുഴപ്പമാകുമെന്നും നേതാക്കൾ അറിയിച്ചു.

വെള്ളക്കെട്ടിന്റെ കാരണങ്ങൾ മേയർ വിശദീകരിച്ചു. കപ്പൽശാലയുടെ വീഴ്‌ചയാണ്‌ രവിപുരം ഭാഗത്ത്‌ വെള്ളംപൊങ്ങാൻ കാരണമെന്നും പൊതുമരാമത്തുവകുപ്പ്‌ ചില നിർമാണങ്ങൾ വൈകിപ്പിച്ചുവെന്നുമൊക്കെ പറഞ്ഞ്‌ ഉത്തരവാദിത്തം ഒഴിയാൻ മേയർ ശ്രമിച്ചു. മുല്ലശേരി കനാൽത്തട്ട്‌ കോൺക്രീറ്റിങ്ങിൽ അപാകമുണ്ടെന്നും സമ്മതിച്ചു. കൈയേറ്റങ്ങൾമൂലമാണ്‌ പേരണ്ടൂർ കനാലിന്റെ ആഴംകൂട്ടലും ശുചീകരണവും ഫലപ്രദമാകാതിരുന്നതെന്നും ‌മേയർ യോഗത്തിൽ വിശദീകരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top