20 September Sunday

ഫോൺവിളിയിലെ തർക്കം : യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച 6 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


മൂവാറ്റുപുഴ
എട്ടംഗ സംഘം വീട്ടിൽക്കയറി യുവാവിനെയും ബന്ധുക്കളെയും ആക്രമിച്ചു. ഗുരുതര പരിക്കേറ്റ വാഴക്കുളം പിരളിമറ്റം കൊല്ലിയിൽ ജോസിന്റെ മകൻ ജോസ്‌മോൻ കെ ജോസിനെ (28)  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറുപേരെ വാഴക്കുളം പൊലീസ്‌ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. മൂവാറ്റുപുഴ പെരുമ്പല്ലൂർ കാനാമ്പുറത്ത് വീട്ടിൽ ഫയസ് (30), സഹോദരങ്ങളായ ഡയസ് (20), ജോയ്സ് (25), പെരുമ്പല്ലൂർ നിരവത്ത് വീട്ടിൽ അജിത്‌ (25), കീച്ചേരിൽ ജിഷ്ണു(21), ചെറുകുളത്തിൽ വിനീത് (25) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെ പിടികൂടാനുണ്ട്. സംഘമെത്തിയ പിക് അപ് വാഹനം, കാർ, രണ്ട് സ്‌കൂട്ടർ എന്നിവ പിടിച്ചെടുത്തു.

ഭീഷണിപ്പെടുത്തി മർദനം, വീട്ടിൽക്കയറി ആക്രമണം, സ്ത്രീകളെ ആക്രമിക്കൽ എന്നിവയ്‌ക്കാണ്‌ കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കും. മുൻപരിചയക്കാരായ ജോസ്‌മോനും ഫയസും തമ്മിൽ ഫോൺ വിളിച്ചപ്പോഴുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് പറയുന്നു. ജോലി കഴിഞ്ഞ്‌ ബൈക്കിൽ വീട്ടുപടിക്കൽ എത്തിയ ജോസ്‌മോനെ കാത്തുനിന്ന ഫയസും സംഘവും പിക്കപ്‌ വാനിന് ഇടിച്ചുവീഴ്ത്തി. താഴെ വീണ ജോസ്‌മോനെ സംഘം മർദിച്ചു. വീട്ടിലേക്ക്‌ ഓടിക്കയറിയ ജോസ്‌മോനെ പിന്നാലെയെത്തി ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന ജോസ്‌മോന്റെ അമ്മ മേഴ്സി, സഹോദരി മരിയ എന്നിവരെ ഹെൽമെറ്റ് ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി. പിതൃസഹോദരൻ ജോൺസൺ, അയൽവാസികളായ അജീഷ്, അനീഷ് എന്നിവരേയും ആക്രമിച്ചു. വീട്ടുപകരണങ്ങൾ അടിച്ചുതകർത്തു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top