22 September Sunday

ട്രോളിങ്‌ നിരോധനം അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

ട്രോളിങ്‌ നിരോധനം അവസാനിച്ചതോടെ തീരം സജീവമാകുകയാണ്‌. മത്സ്യബന്ധനത്തിന്‌ വലയൊരുക്കുകയാണ്‌ തൊഴിലാളികൾ. വൈപ്പിൻ കാളമുക്ക്‌ ഹാർബറിൽനിന്നുള്ള കാഴ്‌ച ഫോട്ടോ: പി വി സുജിത്‌


കൊച്ചി
ട്രോളിങ് നിരോധനം നീങ്ങിയതോടെ മത്സ്യവിപണി വീണ്ടും ഉണർന്നു. മുനമ്പം, വൈപ്പിൻ, കാളമുക്ക്‌, തോപ്പുംപടി ഹാർബറുകളിൽനിന്ന്‌ 1100ൽ അധികം ബോട്ടുകൾ വ്യാഴാഴ്‌ച കടലിലേക്ക്‌ പുറപ്പെട്ടു. മുനമ്പത്തുനിന്ന്‌ എഴുന്നൂറോളം ബോട്ടുകളും വൈപ്പിൻ, കാളമുക്ക്‌, തോപ്പുംപടി എന്നിവിടങ്ങളിൽനിന്ന്‌ നാനൂറോളം ബോട്ടുകളും കടലിൽ പോയിട്ടുണ്ട്‌. ബോട്ടുകൾ ഹാർബറുകളിൽ എത്തുന്നതോടെ വറുതിയുടെ കാലത്തിന്‌ വിരാമമാകും.

ചെമ്മീൻ, കണവ, കൂന്തൽ, പാമ്പാട, കിളിമീൻ, നങ്ക്, ശീലാവ്, കടൽവരാൽ, ചെമ്പല്ലി, കേര, കുടുത, കട്‌ല, ആവോലി, ഉടുപ്പൂരി, വല്ലിത്തോര, സ്രാവ് എന്നീ മത്സ്യങ്ങൾ ലഭ്യമായിത്തുടങ്ങും. ജൂൺ ഒമ്പതുമുതൽ 52 ദിവസത്തേക്കായിരുന്നു ട്രോളിങ് നിരോധനം. 3800 ട്രോൾ ബോട്ടുകളാണ് കേരളത്തിലുള്ളത്. ഇവയിൽ ആയിരത്തോളം എറണാകുളം ജില്ലയിലാണ്‌. കൊച്ചി ഫിഷറീസ് ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 80 പഴ്‌സ് സീൻ ബോട്ടുകൾക്കും അറുനൂറോളം ഗിൽനെറ്റ്, ചൂണ്ട ബോട്ടുകൾക്കും നിരോധനം ബാധകമായിരുന്നു. 600 ചൂണ്ട–-ഗില്ലറ്റ് ബോട്ടുകൾക്കും 60 പഴ്‌സ് സീൻ ബോട്ടുകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. പരമ്പരാഗത യാനങ്ങൾക്കും യന്ത്രം ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങൾക്കും നിരോധനം ബാധകമായിരുന്നില്ല. നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. 47 ദിവസമായിരുന്ന ട്രോളിങ് നിരോധനം ഇത്തവണ 52 ദിവസമാക്കിയിരുന്നു. ട്രോളിങ് നിരോധനം അവസാനിക്കുന്നതുവരെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകിയിരുന്നു. സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളിൽനിന്ന് ആറുമാസമായി ശേഖരിച്ച തുകയുടെ മൂന്നിരട്ടി രണ്ടുഘട്ടമായി വിതരണം നടത്തി.


പ്രധാന വാർത്തകൾ
 Top