മട്ടാഞ്ചേരി/വൈപ്പിന്‍ > ഒന്നരമാസത്തെ ട്രോളിങ്നിരോധത്തിനു ശേഷം മത്സ്യബന്ധനയാനങ്ങള്‍ കടലിലിറങ്ങി. നിരോധത്തിന്റെ ഭാഗമായി കടലില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി പിന്‍വലിച്ചു. തോപ്പുംപടി, മുനമ്പം, മുരുക്കുംപാടം, കാളമുക്ക് ഹാര്‍ബറുകളില്‍നിന്നു പുറപ്പെട്ട ബോട്ടുകളില്‍ ചെറിയവ ചൊവ്വാഴ്ചതന്നെ കരയ്ക്കെത്തും.
രണ്ടുദിവസം മുമ്പുതന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഹാര്‍ബറുകളില്‍ എത്തിത്തുടങ്ങിയിരുന്നു. ബോട്ടില്‍ കൊണ്ടുപോകേണ്ട ഐസ്, വലകള്‍ എല്ലാം മുന്‍കൂട്ടി സജ്ജമാക്കിയിരുന്നു. കേന്ദ്രനിര്‍ദേശപ്രകാരം കളര്‍കോഡ് നിര്‍ബന്ധമാക്കിയതിനാല്‍ നീലയും ഓറഞ്ചും നിറമടിച്ചു തയ്യാറെടുത്തവ ഉള്‍പ്പെടെ എഴുന്നൂറോളം ബോട്ടുകള്‍ ഈ ഭാഗത്തുണ്ട്. സംസ്ഥാനത്ത് രണ്ടായിരത്തിലധികം യാനങ്ങള്‍ കടലിലിറങ്ങി.
ഇതോടെ ഒന്നരമാസമായി സ്തംഭനത്തിലായിരുന്ന ഹാര്‍ബറുകളില്‍ ആളനക്കമാകും. തീരമേഖലയുടെ സാമ്പത്തികാടിത്തറയായ മത്സ്യമേഖല ഉണരുന്നതോടെ മത്സ്യ അനുബന്ധ മേഖലകളും സജീവമായി. ഉറങ്ങിക്കിടന്ന ഐസ്പ്ളാന്റുകളെല്ലാം ഒരാഴ്ചയായി ഐസ് ഉല്‍പ്പാദനം കൂട്ടി.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബോട്ടുകളില്‍ കളര്‍കോഡിങ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. യാനങ്ങളില്‍ നാവികസേനയും തീരരക്ഷാസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും പരിശോധന കര്‍ശനമാക്കി. കേരളത്തില്‍ എന്‍ജിന്റെ വീല്‍ഹൌസിന് ഓറഞ്ച്നിറവും ഹള്‍ഭാഗത്ത് കടുത്ത നീലനിറവും വേണമെന്നാണ് നിര്‍ദേശം. ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള 2100 ബോട്ടുകളിലും കളര്‍കോഡിങ് നടത്തിയതായി ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍ പറഞ്ഞു. കടലിലിറങ്ങുന്ന ബോട്ടുകളിലും ഇന്‍ബോര്‍ഡ് വള്ളങ്ങളിലും പരിശോധന ശക്തമാക്കിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ ഷിജുകുമാര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..