അങ്കമാലി
ഒരുപതിറ്റാണ്ടിലേറെ സ്വപ്നംകണ്ട സ്വന്തം വീട് നിർമിച്ച് പൂർത്തിയാക്കിയെങ്കിലും താമസിക്കാൻ ഭാഗ്യമില്ലാതെ ഷിബു യാത്രയായി. ഞാലൂക്കര അച്ചിനിമാടൻ വർഗീസിന്റെയും ഏലുക്കുട്ടിയുടെയും മകൻ ഷിബുവിനെ (47)യാണ് നിർഭാഗ്യം വേട്ടയാടിയത്. പെയിന്റിങ് തൊഴിലാളിയായ ഷിബു ബുധൻ രാവിലെ അത്താണിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് വാഹനാപകടത്തിൽ മരിച്ചത്. അങ്കമാലി സിഗ്നൽ ജങ്‌ഷനുസമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷിബു എംസി റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്നു. ദേശീയപാതയിലൂടെ വന്ന പാറക്കല്ല് കയറ്റിയ ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു.
ലോറിയുടെ പിൻചക്രം ഷിബുവിന്റെ ശരീരത്തിലൂടെ കയറി തൽക്ഷണം മരിച്ചു.
വർഷങ്ങളായി വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷിബു എടക്കുന്നിൽ പുലിക്കല്ലിനുസമീപം പുതുതായി നിർമിക്കുന്ന വീടിന്റെ അവസാനഘട്ട പണികൾ നടക്കുകയായിരുന്നു. ജൂണിൽ പുതിയ വീടിന്റെ വെഞ്ചരിപ്പ് നിശ്ചയിച്ചിരിക്കുകയായിരുന്നു. ഷിബുവിന്റെ മൃതദേഹം പുതിയ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഉറ്റവരുടെയും ഉടയവരുടെയും തേങ്ങൽ കൂടിനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു. എടക്കുന്ന് സ്റ്റെല്ലാ മാരിസ് ആശുപത്രിയിലെ ലാബ് അസിസ്റ്റന്റായ സോണിയാണ് ഷിബുവിന്റെ ഭാര്യ. എടക്കുന്ന് ഒഎൽപിഎച്ച് സ്കൂളിലെ വിദ്യാർഥികളായ ഇഫാൻ, ഇവാൻ എന്നിവരാണ് ഷിബുവിന്റെ മക്കൾ. ഷിബുവിന്റെ മൃതദേഹം സംസ്കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..