01 June Thursday

അജൈവമാലിന്യ ശേഖരണം ; കൂടുതൽ ഏജൻസികളെ ക്ഷണിച്ച്‌ ക്ലീൻ കേരള കമ്പനി

ആർ ഹേമലതUpdated: Saturday Apr 1, 2023



കൊച്ചി
സംസ്ഥാനത്തെ അജൈവമാലിന്യ ശേഖരണത്തിന്‌ കൂടുതൽ കമ്പനികളെ കണ്ടെത്താൻ ക്ലീൻ കേരള കമ്പനി താൽപ്പര്യപത്രം ക്ഷണിച്ചു. ചില്ല്‌, ടയർ, തുണി, ചെരുപ്പ്‌, ബാഗ്‌, തെർമോകോൾ തുടങ്ങിയ നിഷ്‌ക്രീയ മാലിന്യങ്ങൾ ശേഖരിക്കാൻ ജില്ലാ ഏജൻസികളിൽനിന്നാണ്‌ താൽപ്പര്യപത്രം ക്ഷണിച്ചത്‌. ഹരിതകർമസേന വീടുകളിൽനിന്ന്‌ ശേഖരിക്കുന്ന തരംതിരിച്ചതും തരംതിരിക്കാത്തതുമായ അജൈവ പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ സംസ്ഥാനത്ത്‌ 35 ഏജൻസികൾ നിലവിലുണ്ട്‌. മാസംതോറും പുനഃചംക്രമണത്തിനായി 1000 മെട്രിക്‌ ടൺ പ്ലാസ്‌റ്റിക്‌ മാലിന്യവും ശരാശരി 1500 മുതൽ 2000 മെട്രിക്‌ ടൺ ഇനേർട്ട്‌ വേസ്‌റ്റും സംസ്ഥാനത്തിന്‌ പുറത്തുള്ള സിമന്റ്‌ ഫാക്‌ടറികൾക്ക്‌ നൽകുന്നുണ്ട്‌. എന്നാൽ, മാലിന്യത്തിന്റെ അളവ്‌ കൂടിയതിനാൽ കൂടുതൽ ഏജൻസികളെ ആവശ്യമായി. അതിനാലാണ്‌ പുതിയ ടെൻഡർ ക്ഷണിച്ചതെന്ന്‌ ക്ലീൻ കേരള എംഡി ജി കെ സുരേഷ്‌ കുമാർ പറഞ്ഞു.

വിവിധതരം പ്ലാസ്റ്റിക്, ചെരുപ്പ്, തുണിമാലിന്യം, ബാഗ്, തെർമോകോൾ, തുകൽ കാർപെറ്റ്, ഉപയോഗശൂന്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ, കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ, ഉപയോഗശൂന്യമായ വാഹന ടയർ, പോളി എത്തിലീൻ പ്രിന്റ് ഷീറ്റ്, സ്ക്രാപ് ഇനങ്ങൾ ഇ–-മാലിന്യങ്ങൾ തുടങ്ങിയവയാണ്‌ ശേഖരിക്കുന്നത്‌. ഇവ ശേഖരിക്കാൻ സംസ്ഥാന സർക്കാർ അംഗീകരിച്ച കലണ്ടർ ക്ലീൻ കേരള കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്‌.

മാലിന്യശേഖരണത്തിന്‌ താൽപ്പര്യമുള്ള, നിശ്ചിത യോഗ്യതയുള്ള അംഗീകൃത ഏജൻസികളെയാണ്‌ ടെൻഡറിൽ ക്ഷണിച്ചത്‌. ഏജൻസികൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള ഗോഡൗൺ അതത്‌ ജില്ലകളിൽ വേണം. അംഗീകൃത സിമന്റ് ഫാക്ടറികളുമായോ ലാൻഡ്‌ ഫിൽ സംവിധാനങ്ങളുമായോ നിയമാനുസൃത കരാറുണ്ടായിരിക്കണം. കമ്പനി, സൊസൈറ്റി, പ്രൊപ്രൈറ്റർഷിപ്, പാർട്ണർഷിപ് രജിസ്ട്രേഷൻ രേഖകൾ, ജിഎസ്‌ടി രജിസ്‌ട്രേഷൻ എന്നിവയുണ്ടായിരിക്കണം. കരാറിനോടൊപ്പം ഒരു ലക്ഷം രൂപ കരുതൽ നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top