13 November Wednesday

വിദ്യാര്‍ഥിക്കെതിരെ ഭീഷണി സന്ദേശം: ഷാജു വര്‍ഗീസിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സര്‍വകലാശാലാ നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കോലഞ്ചേരി >  സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഷാജു വർഗീസിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കോളേജ്‌ മാനേജ്‌മെന്റിന്‌  എംജി സർവകലാശാല നിർദേശം നൽകി. പരീക്ഷയെഴുതിക്കാതെ മാറ്റിനിർത്തിയ 42 വിദ്യാർഥികളെ പരീക്ഷ എഴുതിക്കണമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്. ഷാജു വർഗീസിന് കോളേജ് പ്രിൻസിപ്പലാകുന്നതിനു വേണ്ട യോഗ്യതയില്ലെന്നും മാനേജ്‌മെന്റ് എടുത്ത തീരുമാനത്തിന് യുജിസിയുടെയും സർവകലാശാലയുടെയും അംഗീകാരമില്ലായിരുന്നെന്നും സൂചനയുണ്ട്.
 
 അസോസിയേറ്റ് പ്രൊഫസർ യോഗ്യതയുള്ളവരെയാണ് പ്രിൻസിപ്പലാക്കുന്നത്. എന്നാൽ, ഇത് മറികടന്നാണ് കോൺഗ്രസ് ബന്ധമുള്ള ഷാജു വർഗീസിനെ മാനേജ്‌മെന്റ് ചുമതലപ്പെടുത്തിയത്. മുൻ ചെയർമാൻ അഖിൽ പൗലോസിനെ ആക്രമിക്കാൻ കോളേജിലെ കെഎസ്‌യുക്കാർക്ക്‌ പ്രിൻസിപ്പൽ ക്വട്ടേഷൻ നൽകുന്നതിന്റെ ശബ്ദരേഖ പുറത്തായത് വിവാദമായിരുന്നു. കെഎസ്‌യുക്കാരോട് ചെയർമാനെ തല്ലണമെന്നും യൂണിയൻ പരിപാടികൾ നടത്താൻ അനുവദിക്കരുതെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും അധികാരമോഹത്തിനും വേണ്ടി വിദ്യാർഥികളെ തമ്മിലടിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി സർവകലാശാലയ്‌ക്ക് പരാതി നൽകി.

 ഇതേത്തുടർന്ന് സിൻഡിക്കറ്റ്‌ അംഗം ടോമിച്ചൻ ജോസിന്റെ നേതൃത്വത്തിൽ കമീഷൻ കോളേജിലെത്തി വിദ്യാർഥികളുടെ മെഴിയെടുത്തു. വിദ്യാർഥികൾ ശബ്ദരേഖയുടെ പകർപ്പും കൈമാറി. കമീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് സർവകലാശാലയുടെ നടപടി. മാറ്റിനിർത്തിയ വിദ്യാർഥികളെ പരീക്ഷ എഴുതിക്കണമെന്ന് സർവകലാശാലയുടെ ഉത്തരവ് വന്നിട്ടും നടപ്പാക്കാൻ ഷാജു വർഗീസ് തയ്യാറാകുന്നില്ലെന്ന് എസ്എഫ്‌ഐ ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ വീണ്ടും സർവകലാശാലയെ സമീപിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top