05 December Thursday

ശിക്ഷകളിലെ വിവേചനം ന്യായീകരിക്കാനാകില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019


കൊച്ചി
ശിക്ഷകളിലെ കടുത്ത വിവേചനത്തെ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒരു ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശംവച്ച കേസിൽ അറസ്റ്റിലായ കൊട്ടാരക്കര സ്വദേശി രാധാകൃഷ്ണപിള്ളയ്ക്ക് ജാമ്യം അനുവദിച്ചാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. ചടയമംഗലത്ത് വിദേശമദ്യം വിൽക്കുന്നതിനിടെ സെപ്തംബർ ഒന്നിനാണ് രാധാകൃഷ്ണപിള്ളയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നരലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചു. മൂന്നു ലിറ്റർവരെ മദ്യം കൈവശം വയ്‌ക്കാമെന്നിരിക്കെ, മദ്യം വിറ്റെന്നാരോപിച്ച് എക്സൈസുകാർ കേസിൽ കുടുക്കിയതാണെന്നും 60 ദിവസമായി കസ്റ്റഡിയിലാണെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

ജാമ്യം നൽകുന്നതിനെ എതിർത്ത പ്രോസിക്യൂഷൻ ഇയാൾക്കെതിരെ എട്ട് കേസുകൾ നിലവിലുണ്ടെന്നും വ്യക്തമാക്കി. കേസുകളിൽ ഹർജിക്കാരൻ ഇതുവരെ ശിക്ഷിക്കപ്പെട്ടില്ലെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് ഉപാധികളോടെ ജാമ്യം നൽകി. തുടർന്നാണ് ശിക്ഷകളിലെ വിവേചനം ന്യായീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടത്.

അനധികൃതമായി മദ്യം വിൽക്കുകയോ വിൽപ്പനയ്‌ക്കായി സൂക്ഷിക്കുകയോ ചെയ്താൽ പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കും. സെഷൻസ് കോടതിയിലാണ് വിചാരണ. ഒരുകിലോ കഞ്ചാവ് കൈവശം വച്ചതു പിടിച്ചാൽ ഒരുവർഷംവരെയാണ് തടവുശിക്ഷയെന്നും മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യം കൈവശം വച്ചെന്ന കേസുകൾ സെഷൻസ് കോടതികളിലും അഡി. സെഷൻസ് കോടതികളിലുമായി കുമിഞ്ഞുകൂടുന്നത്‌ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top