31 October Saturday

പോപ്പുലർ ഫിനാൻസ്: അഞ്ചാംപ്രതിയെ റിമാൻഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


പത്തനംതിട്ട
പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ പിടിയിലായ  അഞ്ചാം പ്രതിയും സ്ഥാപന ഉടമയുടെ മകളുമായ റിയാ തോമസിനെ പത്തനംതിട്ട  ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ച്  ചോദ്യം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ നേരിട്ടാണ്‌ ചോദ്യം ചെയ്‌തത്‌.  സൈബർ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന്‌ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക്‌ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. പ്രതിയെ തെളിവെടുപ്പിന്‌ കസ്‌റ്റഡിയിൽ വാങ്ങുമെന്ന്‌ കെ ജി സൈമൺ അറിയിച്ചു.

വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭർതൃഗൃഹത്തിൽ നിന്നാണ് റിയാ തോമസിനെ പിടികൂടിയത്. കോന്നി പൊലീസ് ഇൻസ്‌പെക്ടർ പി എസ് രാജേഷിന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് റിയയെ പിടികൂടി പത്തനംതിട്ടയിൽ എത്തിച്ചത്. രാത്രി ഹെൽപ് ലൈനിൽ താമസിപ്പിച്ച ശേഷം  വെള്ളിയാഴ്ച രാവിലെ അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്‌ച തള്ളിയിരുന്നു. കോന്നി പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തിരുന്ന മറ്റൊരു  നിക്ഷേപതട്ടിപ്പ്‌  കേസിലാണ്‌ അറസ്‌റ്റ്‌‌.  പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ റിയ ഒളിവിൽ പോയിരുന്നു. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറായ റിയ ഏറെനാളായി അവധിയിലാണ്‌.

നിലവിൽ ഓരോ പരാതിയും പ്രത്യേകം രജിസ്‌റ്റർ ചെയ്‌തു തുടങ്ങിയതായി ജില്ലാ പൊലീസ്‌ ചീഫ്‌ പറഞ്ഞു. ഓരോ ദിവസവും പരാതികൾ വന്നു കൊണ്ടിരിക്കുകയാണ്‌. വരും ദിവസങ്ങളിൽ കേസിലെ അഞ്ചു പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ പൊലീസ്‌ അന്വേഷണം തുടരുമെന്നും കെ ജി സൈമൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top