08 December Sunday

കെഎഎസ് വൈകിപ്പിക്കൽ ശ്രമം പരാജയപ്പെടുത്തുക: പികെഎസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019


തിരുവനന്തപുരം
കേരള ഭരണ സർവീസ്  നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന്‌ പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
കെഎഎസ്‌ നടപ്പാക്കാതിരിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.  മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തിയത് ദഹിക്കാത്തവരാണ് പിന്നിൽ പ്രവർത്തിക്കുന്നത്. സംവരണം നടപ്പാക്കിയതിനെതിരെ ഇക്കൂട്ടർ ആദ്യം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകി. പിഎസ്‌സി വിജ്ഞാപനം വന്ന നവംബർ ഒന്നിനുമുമ്പുതന്നെ കെഎഎസ് നടപ്പാക്കുന്നത് തടഞ്ഞ്‌ വിധി സമ്പാദിക്കാൻ ശ്രമമുണ്ടായി. സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി കേസിൽ കക്ഷിചേർന്ന സെക്രട്ടറിയറ്റ് ജീവനക്കാരന് ആക്ഷേപം ഉന്നയിക്കാനുള്ള സാവകാശംപോലും അനുവദിക്കാതെ ഉടനടി തീർപ്പുകൽപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു.

പിഎസ്‌സിയുടെ വിജ്ഞാപനം വരുന്നതുതടയാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മലയാള ഭാഷ സ്നേഹവുമായാണ്‌ തടസ്സവാദികൾ ഇപ്പോൾ രംഗത്തുള്ളത്‌. മലയാളത്തെ എല്ലാ മലയാളികളും സ്നേഹിക്കുന്നു. പിഎസ്‌സിയുടെ എല്ലാ പരീക്ഷയും മറ്റുനടപടിക്രമങ്ങളും മലയാള ഭാഷയിലാക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും അവ പരിഹരിക്കാൻ  സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങൾക്ക്  നിശ്ചിത സമയം ആവശ്യമുണ്ടെന്നും അറിഞ്ഞുകൊണ്ടാണ് ഭാഷയെ മുൻനിർത്തി ഈ പുതിയ നീക്കം. പിഎസ്‌സി  നടത്തുന്ന മറ്റ് പരീക്ഷകളൊന്നും മലയാളത്തിനായി നിർത്തിവയ്ക്കേണ്ടതില്ല‐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ് എംപി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top