24 October Thursday

ട്രെയിനുകളില്‍ വൻ തിരക്ക്‌; യാത്രാദുരിതം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019


കണ്ണൂർ
ട്രെയിനുകളിൽ വൻ തിരക്ക്‌. റിസർവേഷനോ, തത്‌കാൽ ടിക്കറ്റോ കിട്ടാതെ യാത്രക്കാർ വലയുന്നു.  ഓണാവധിക്ക്‌ ട്രെയിനുകളിൽ കൂടുതൽ കോച്ച്‌ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെത്തുടർന്ന്‌ ഇക്കുറി പലർക്കും നാട്ടിലെത്താനായില്ല.   നാട്ടിലെത്തിയവർ മടക്ക ടിക്കറ്റ് ലഭിക്കാതെ വിഷമിക്കുകയാണ്‌. മിക്ക ട്രെയിനുകളിലും കാലുകുത്താനിടമില്ലാത്ത സ്ഥിതിയാണ്‌.

ടിക്കറ്റില്ലാത്തതു കാരണം നൂറുകണക്കിന്‌ ദീർഘദൂര യാത്രക്കാർക്ക്‌ ഇത്തവണ  ഓണത്തിന്‌ നാട്ടിലെത്താൻ കഴിഞ്ഞില്ല. തത്‌കാൽ ടിക്കറ്റെടുത്തും അമിത നിരക്ക്‌ നൽകി ബസ്സുകളിലുമൊക്കെയായി നാട്ടിലെത്തിയവർ തിരിച്ചുപോകാൻ കഴിയാതെ വിഷമിക്കുകയാണ്‌.   ടിക്കറ്റില്ലാത്തത് കാരണം തിരുവോണത്തിന് നാട്ടിലെത്താത്തവർ അടുത്ത ദിവസമെങ്കിലും ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഈ മാസം അവസാനംവരെ  ദീർഘദൂര ടിക്കറ്റുകൾ ലഭ്യമല്ല. റിസർവേഷൻ നേരത്തെ പൂർണമായിരുന്നു. തത്‌കാൽ ടിക്കറ്റിനായി രാത്രിയിലോ പുലർച്ചെക്കോ എത്തി ക്യൂ നിൽക്കുകയാണ് പലരും.  ബംഗളൂരു, മുംബൈ, ഡൽഹി ഭാഗങ്ങളിൽനിന്നുള്ള മലയാളികളാണ് കൂടുതൽ കഷ്ടപ്പെടുന്നത്. ട്രെയിൻ ടിക്കറ്റിന്റെ മൂന്നും നാലും ഇരട്ടിയാണ് സ്വകാര്യ ബസ്സുകൾ ഈടാക്കുന്നത്.

മംഗളൂരു–- തിരുവനന്തപുരം റൂട്ടിലും യാത്രാദുരിത്തിന് അടുത്തൊന്നും പരിഹാരമാകാനിടയില്ല.  തിരക്ക് പരിഗണിച്ച് കൂടുതൽ കോച്ച് അനുവദിക്കണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചിട്ടില്ല. രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതുമാത്രമാണ് റെയിൽവേ ചെയ്ത ഏക കാര്യം.


പ്രധാന വാർത്തകൾ
 Top