14 October Monday

രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചിയിൽ

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

നെടുമ്പാശേരി> രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം.യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോളനിലവാരത്തിൽ വിമാനത്താവള അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ‘0484 എയ്‌റോ ലോഞ്ച്‌’ എന്ന പേരിൽ സൗകര്യം ഒരുക്കിയിട്ടുള്ളത്‌. സെപ്തംബർ ഒന്നിന് വൈകിട്ട്‌ നാലിന്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിൽ പ്രവർത്തിക്കുന്ന എയ്‌റോ ലോഞ്ചിന്‌ മിതമായ നിരക്കേ ഈടാക്കൂ. സെക്യൂരിറ്റി ഹോൾഡിങ്‌ ഏരിയകൾക്കുപുറത്ത്‌, ആഭ്യന്തര–-- അന്താരാഷ്ട്ര ടെർമിനലുകൾക്ക്‌ സമീപമാണ്‌ ലോഞ്ച്. യാത്രക്കാർക്കും അല്ലാത്തവർക്കും സൗകര്യം ഉപയോഗിക്കാമെന്ന്‌ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.

അമ്പതിനായിരം ചതുരശ്രയടിയിൽ 37 മുറി, നാല് സ്യൂട്ട്‌, മൂന്ന് ബോർഡ് റൂം, രണ്ട് കോൺഫറൻസ് ഹാൾ, കോ- വർക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്‌റ്റോറന്റ്‌, സ്പാ,  പ്രത്യേക കഫേ ലോഞ്ച് എന്നിവയുണ്ടാകും. മന്ത്രിമാരായ പി രാജീവ്‌, കെ രാജൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങിയവർ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കും. അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫുഡ്‌കോർട്ടുകൾ,  ലോഞ്ചുകൾ എന്നിവയുടെ നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിക്കുന്നു. 2022-ൽ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമീഷൻ ചെയ്തശേഷം, രണ്ടായിരത്തിലേറെ സ്വകാര്യ ജെറ്റുകളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top