08 December Sunday

എൻഎസ്‌എസിനെതിരെ അന്വേഷണം തീർന്നില്ല: ടിക്കാറാം മീണ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


കോട്ടയം
വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പിൽ എൻഎസ്‌എസ്‌ ജാതി പറഞ്ഞ്‌ വോട്ടുപിടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ. ജില്ലാതെരഞ്ഞെടുപ്പ്‌ ഓഫീസറായ കലക്ടറും ഡിജിപിയും പരാതി പരിശോധിച്ചുവരികയാണ്‌. ഇവരുടെ റിപ്പോർട്ട്‌ കിട്ടിയശേഷമായിരിക്കും തുടർനടപടി. കോട്ടയം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മീണ.

കേരള കോൺഗ്രസ്‌ എമ്മിന്റെ ചിഹ്‌നവും പേരും സംബന്ധിച്ചുള്ള തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനമെടുക്കും. കമീഷനുമുന്നിൽ ഇരുപാർടികളും തങ്ങളുടെ വാദം അവതരിപ്പിക്കണം. ഇതുസംബന്ധിച്ചുള്ള കോടതിവിധികളും കമീഷൻ പരിശോധിക്കും. വർക്കിങ്‌ ചെയർമാന്‌ അധികാരമുണ്ടെന്ന്‌ ആ പാർടിയുടെ ഭരണഘടനയിലുണ്ട്‌. അതാണ്‌ പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്‌നം സംബന്ധിച്ച്‌ തീരുമാനം പറഞ്ഞത്‌. എംഎൽഎമാർ രാജിവച്ച്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കണമോയെന്ന്‌ രാഷ്ട്രീയപാർടികൾ തീരുമാനിക്കേണ്ടതാണ്‌. തെരഞ്ഞെടുപ്പ്‌ ചെലവുകൾ കുറയ്‌ക്കാൻ അത്തരം തീരുമാനമുണ്ടാകുന്നത്‌ നല്ലതാണ്‌. ഈ മാസം 25ന്‌ സംസ്ഥാനത്തെ വോട്ടർപട്ടികയുടെ കരട്‌ പ്രസിദ്ധീകരിക്കും. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ വരുത്താൻ ഡിസംബർ 25വരെ സമയംനൽകും. ജനുവരി 20ന്‌ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. സ്വന്തം ജില്ലവിട്ട്‌ ജോലിചെയ്യേണ്ടിവരുന്ന മാധ്യമപ്രവർത്തകർക്ക്‌ പോസ്‌റ്റൽവോട്ട്‌ ഏർപ്പെടുത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്താം. നിഷ്‌പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ നടത്താൻ മിണ്ടാപ്രാണിയായി ഇരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top