അമ്പലപ്പുഴ
നാഗ്‌പുരിൽ മരിച്ച ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ സഹായധനം മന്ത്രി പി പ്രസാദ് വീട്ടിലെത്തി കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം സുഹ്റാ മൻസിൽ ഷിഹാബുദീൻ–-അൻസില ദമ്പതികളുടെ മകൾ നിദ ഫാത്തിമ (10) 2022 ഡിസംബർ 22നാണ് നാഗ്പുരിൽ മരിച്ചത്. നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.
അമ്പലപ്പുഴ ഗവ. മോഡൽ സ്‌കൂളിലാണ് നിദ സൈക്കിൾ പോളോ പരിശീലിച്ചത്. നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് നിദ പരിശീലകനൊപ്പം യാത്രതിരിച്ചത്. മത്സരസ്ഥലത്തിന് സമീപത്തെ കടയിൽനിന്ന് ഭക്ഷണംകഴിച്ച് താമസസ്ഥലത്ത് മടങ്ങിയെത്തിയ നിദയ്‌ക്ക് രാത്രിയിൽ കടുത്ത ഛർദിയുണ്ടായി. സമീപത്തെ കൃഷ്‌ണ ആശുപത്രിയിലെത്തിച്ച നിദയ്‌ക്ക് ഇവിടെ വച്ച് കുത്തിവയ്‌പ് എടുക്കുകയും തുടർന്ന് നില വഷളാകുകയുമായിരുന്നു. പിന്നീട് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എന്നാൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ കേരള താരങ്ങൾക്ക് കടുത്ത അനീതിയാണ് നേരിടേണ്ടിവന്നത്. താമസ–-ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുമ്പ് നാഗ്പുരിൽ എത്തിയ ടീം താൽക്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കാൻ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
എച്ച് സലാം എംഎൽഎ, കലക്‌ടർ ഹരിത വി കുമാർ, എഡിഎം എസ് സന്തോഷ്‌കുമാർ, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലൻ, എസ് ഹാരിസ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, പഞ്ചായത്തംഗങ്ങളായ യു എം കബീർ, നിഷ മനോജ്, സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, ലോക്കൽ സെക്രട്ടറിമാരായ എ രമണൻ, ഡി ദിലീഷ്, സിപിഐ ലോക്കൽ സെക്രട്ടറി കുഞ്ഞുമോൻ, അമ്പലപ്പുഴ തഹസിൽദാർ ജയ, വില്ലേജ് ഓഫീസർ ടി ജി ഡിജി എന്നിവർ മന്ത്രിക്കൊപ്പമെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..