Deshabhimani

"കളി'യിനി 
തലസ്ഥാനത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:28 AM | 0 min read

 "കളി'യിനി 
തലസ്ഥാനത്ത്‌

കായംകുളം 
സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ നിലയ്‌ക്കാത്ത കൈയടികൾ ഏറ്റുവാങ്ങാൻ കരപ്പുറത്തിന്റെ പെൺകരുത്ത്‌ ഇക്കുറിയുമുണ്ടാകും. ആട്ടിയോടിക്കപ്പെടുന്ന മനുഷ്യരുടെയും ജീവികളുടെയും കഥ  കാടിന്റെ പശ്ചാത്തലത്തിൽ  പറഞ്ഞ്‌ ആസ്വാദകരുടെ ഹൃദയംതൊട്ടാണ്‌ ചേർത്തല ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ തലസ്ഥാനത്തിന്‌ ടിക്കറ്റെടുത്തത്‌. ഹൈസ്‌കൂൾ വിഭാഗം നാടകമത്സരത്തിൽ  ‘പാടുന്ന കാട്‌’ എന്ന നാടകം എ ഗ്രേഡോടെ ഒന്നാമതായി. 
തുടർച്ചയായ ഏഴാം തവണയാണ്‌ ചേർത്തലയുടെ പെൺകുട്ടികൾ സംസ്ഥാന കലോത്സവത്തിന്‌ യോഗ്യതനേടുന്നത്‌. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെയും ആവാസവ്യവസ്ഥയിൽനിന്ന്‌ ആട്ടിയോടിക്കപ്പെട്ട വന്യജീവികളുടെയും കഥയിൽ തുടങ്ങി സാഹിത്യത്തിന്റെ പകിട്ടിൽനിന്ന്‌ മാറ്റിനിർത്തപ്പെടുന്ന നാടകത്തിന്റെ പ്രാധാന്യവും ഓർമിപ്പിച്ചാണ്‌ സമാപിക്കുന്നത്‌. നിരവധിതവണ സംസ്ഥാന ജില്ലതലങ്ങളിൽ ശ്രദ്ധേയമായ നാടകങ്ങൾ അവതരിപ്പിച്ച വിജിലൻസ്‌ ഉദ്യോഗസ്ഥൻ സുനിൽ ചന്തിരൂരാണ്‌ രചനയും സംവിധാനവും. സുഹൃത്തുക്കളുടെ സംഭാഷണത്തിനിടയിൽനിന്ന്‌ ലഭിച്ച ആശയം രണ്ടരമാസം കൊണ്ടാണ്‌ നാടക രൂപത്തിലേക്ക്‌ മാറ്റിയത്‌. എഴുപുന്ന സാബു, ഡാനി, വിനേഷ്‌ എന്നിവർ സംവിധാന സഹായികളായി. സബിൻ, അമൽ, സത്യജിത്ത്‌ എന്നിവർ ചമയത്തിൽ. മുളകൊണ്ട്‌ നിർമിച്ച പ്രാചീന വാദ്യോപകരണങ്ങൾ പകർന്ന പശ്ചാത്തല സംഗീതവും കാണികൾക്ക്‌ പുതിയ അനുഭവമായി. മൂന്ന്‌ മാസത്തെ പരിശീലനത്തിന്‌ ശേഷമാണ്‌ കുട്ടികൾ അരങ്ങിലെത്തിയത്‌. നാടകത്തിൽ ‘കതിർ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തന ബി വിനോദ്‌ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പാർവതി സുരേഷ്‌, എയ്‌ഞ്ചൽ മേരി സോണി, അന്ന മരിയ ഷിനോ, ബി ഋതു, നിഹാരിക എസ്‌ പത്മ, ആദിത്യ രതീഷ്‌ എ്ന്നിവരാണ്‌ അഭിനേതാക്കൾ എസ്‌ ദേവനന്ദ, എസ്‌ അവന്തിക, പി ബി അനുശ്രീ എന്നിവരാണ്‌ പാട്ടുകാർ.

 



deshabhimani section

Related News

0 comments
Sort by

Home