17 January Sunday

ഇടനാഴിയിൽ വീണ്ടും ഗുജറാത്തിന്റെ കാലൊച്ച

കെ എസ്‌ ഗിരീഷ്‌Updated: Monday Nov 30, 2020

ഗുജറാത്തി പൈത‌ൃക കേന്ദ്രമാകുന്ന സേഠ് ബ്രദേഴ്‌സ്‌‌ കമ്പനിയുടെ രത്ന പാണ്ടികശാല ഫോട്ടോ / ഷിബിൻ ചെറുകര

ആലപ്പുഴ
കിഴക്കിന്റെ വെനീസിലെ ഗുജറാത്തി സംസ്‌കാരം സംരക്ഷിക്കുന്നത്‌ ഓർമകളുടെ ഇടനാഴിയും പൈത‌ൃകകേന്ദ്രവും ഒരുക്കി. ആലപ്പുഴ പൈത‌ൃക പദ്ധതിയിൽ ഗുജറാത്തി പൈത‌ൃക സംരക്ഷണ നടപടികൾ അതിവേഗം മുന്നോട്ട്‌.  
  നഗരത്തിലെ ഗുജറാത്തി തെരുവിനെയാണ്‌ ഓർമകളുടെ ഇടനാഴിയായി നവീകരിക്കുന്നത്‌. "ഡൗൺ ദി മെമ്മറി ലെയ്‌ൻ' എന്ന പേരിൽ‌ വികസിപ്പിക്കുന്ന തെരുവിലെ ഗുജറാത്ത്‌ സംസ്‌കാരവുമായി ചേർന്നതെല്ലാം സംരക്ഷിക്കും. കടപ്പുറത്തുനിന്നുള്ള മൂന്ന്‌ റോഡുകളും ഇതിൽ ഉൾപ്പെടും. ഗുജറാത്തിൽനിന്നുള്ള കലാകാരന്മാരെ എത്തിച്ചാകും  പ്രവർത്തനങ്ങൾ‌ .  
 "ഡൗൺ ദി മെമ്മറി ലെയ്‌ൻ' പദ്ധതിയുടെ ഡിസൈനും മറ്റും ഗുജറാത്ത്‌ സർക്കാരിന്‌ അയച്ചുകൊടുത്തിരുന്നു. ഗുജറാത്ത്‌ സർക്കാർ അവരുടെ കലാകാരന്മാരെ ഇവിടേയ്‌‌ക്ക്‌ അയയ്‌ക്കാമെന്നും അറിയിച്ചു. എല്ലാ വർഷവും അവിടുത്തെ കലാകാരന്മാരുടെ പ്രകടനമുണ്ടാകും. പൈത‌ൃക പദ്ധതിയുടെ ചുമതലയുള്ള മുസിരിസ് കമ്പനി തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലുടൻ  ധാരണപത്രം ഒപ്പുവയ്‌ക്കും.  
പൈത‌ൃക കേന്ദ്രമാകുന്നത്‌ പാണ്ടികശാല
ഗുജറാത്തി വ്യാപാരി  അനിൽ സേഠിന്റെ സേഠ് ബ്രദേഴ്‌സ്‌‌ കമ്പനിയുടെ ഗുജറാത്തി ശിൽപ്പശൈലിയിലുള്ള രത്ന പാണ്ടികശാല സമുച്ചയം നവീകരിച്ചാണ്‌  പൈത‌ൃക കേന്ദ്രം ഒരുക്കുന്നത്. പൈത‌ൃക മ്യൂസിയവും ഗുജറാത്തി എതിനിക്‌ റെസ്‌റ്റോറന്റും താമസസ്ഥലവുമടങ്ങുന്നതാണ്‌ പദ്ധതി. ഇതിന്റെ ഇ–-ടെൻഡർ നടപടി പൂർത്തിയാക്കി.  
  അനിൽസേഠിൽനിന്ന് 20 വർഷത്തെ പാട്ടവ്യവസ്ഥയിലാണ് ഗുജറാത്തി തെരുവിലെ ഇരുനില കെട്ടിടവും 30 സെന്റ്‌ സ്ഥലവും ഏറ്റെടുക്കുന്നത്. താഴത്തെ നിലയാണ്‌ മ്യൂസിയമാകുന്നത്‌. ചരിത്രരേഖകളും സുഗന്ധദ്രവ്യങ്ങൾ തരംതിരിക്കാനും മറ്റുമുപയോഗിച്ച യന്ത്രങ്ങളും വ്യാപാര  ഇടപാടുകളെക്കുറിച്ചുള്ള രേഖകളും ഇതിലുണ്ടാകും. 
മുകൾ നിലയിലാണ്‌ ഗുജറാത്തി പാരമ്പര്യത്തിലുള്ള ഹോട്ടൽ‌ തുറക്കുന്നത്‌. സ്യൂട്ട്‌ റൂമുകളും ഡോർമെട്രിയും ഉണ്ടാകും. മുസിരിസ്‌ കമ്പനിയാണ്‌ എല്ലാം പ്രവർത്തിപ്പിക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top