17 January Sunday
അസാധ്യമെന്ന‌് കരുതിയെങ്കിൽ തെറ്റി

കുരുക്കഴിക്കും, വടക്കേയങ്ങാടി വലുതാകും

ടി പി സുന്ദരേശൻUpdated: Monday Nov 30, 2020

വികസന പ്രവർത്തനം പുരോഗമിക്കുന്ന ചേർത്തല വടക്കേയങ്ങാടി കവല

ചേർത്തല
ചേർത്തല വടക്കേയങ്ങാടി കവല വികസനം നടപ്പാകില്ലെന്ന‌് ഉറപ്പിച്ചവർ അനേകം. നഗരമധ്യത്തിലെ കണ്ണായഭാഗത്തെ 18 സെന്റ്‌  വികസനത്തിന‌് ഏറ്റെടുക്കലും വ്യാപാരികളെ ഒഴിപ്പിക്കലും വെല്ലുവിളിയായി. 
കൊച്ചിയുടെ ഉപഗ്രഹ നഗരമായി വളരുന്ന ചേർത്തലയുടെ വികസനത്തിൽ വഴിത്തിരിവാകുന്ന പദ്ധതി എന്തുവിലകൊടുത്തും സാധ്യമാക്കണമെന്ന പിണറായി സർക്കാരിന്റെയും  എംഎൽഎ കൂടിയായ മന്ത്രി പി തിലോത്തമന്റെയും ജില്ലാ ചുമതലയുള്ള മന്ത്രി ജി സുധാകരന്റെയും നിശ‌്ചയദാർഢ്യം വിജയംകണ്ടു. 95 ശതമാനം ഭൂമിയും ഏറ്റെടുത്ത‌് നിർമാണപ്രവർത്തനം ആരംഭിച്ചു.
  നഗരമധ്യത്തിൽ അഞ്ച‌് റോഡുകൾ സംഗമിക്കുന്ന വടക്കേയങ്ങാടി കവല ഇടുങ്ങിയതായിരുന്നു.  ഗതാഗതക്കുരുക്കും രൂക്ഷം. എട്ടരക്കോടിയുടെ പദ്ധതി ബജറ്റിൽ അനുവദിച്ചെങ്കിലും ഭൂമി ഏറ്റെടുക്കൽ കടമ്പ വെല്ലുവിളിയായി.  ഉടമകളുടെയും വാടകക്കാരായ വ്യാപാരികളുടെയും താൽപ്പര്യം പൂർണമായി സംരക്ഷിച്ച‌് പ്രത്യേക പാക്കേജ‌് സർക്കാർ  നടപ്പാക്കുകയുംചെയ‌്തു. 
  പൊതുമരാമത്ത‌്﹣-റവന്യു വകുപ്പുകൾ   ഭൂമി ഏറ്റെടുത്തു. എട്ടരക്കോടിക്ക‌് പുറമെ എംഎൽഎയുടെ ആസ‌്തിവികസന ഫണ്ടിലെ രണ്ട‌് കോടിയും ചെലവഴിച്ചാണ‌് പദ്ധതി നിർവഹണം. 
ഏറ്റെടുത്ത കെട്ടിടങ്ങൾ  പൊളിച്ചുനീക്കി. കൂറ്റൻ മരങ്ങളടക്കം വെട്ടിമാറ്റി. വൈദ്യുതി തൂണുകളും ട്രാൻസ‌്ഫോർമറും നീക്കൽ തുടങ്ങി. 17 ലക്ഷം രൂപയാണ‌് കെഎസ‌്ഇബിക്ക‌് ഇതിനായി നൽകിയത‌്. വിട്ടുകിട്ടാനുള്ള നാമമാത്രമായ ഭൂമി നിയമപരമായി ഏറ്റെടുക്കാനുള്ള നടപടി ജില്ലാഭരണകേന്ദ്രം ആരംഭിച്ചു.  
  നഗരത്തിലെ പ്രധാനപ്പെട്ട പഴയ എൻഎച്ച് റോഡ്, മുട്ടം ബസാർ﹣- എട്ടുപുരക്കൽ റോഡ്, കോൺവെന്റ് റോഡ്, മുട്ടം മിൽ ലാൻഡിങ് റോഡ് എന്നിവ സംഗമിക്കുന്ന കവലയാണിത്. 17.42 സെന്റ് ഭൂമിയാണ് കവല വികസനത്തിന‌് സർക്കാർ ഏറ്റെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top