04 December Friday
കലവൂർ മാതൃക സംസ്ഥാന വ്യാപകമാക്കുന്നു

‘അറിവിടങ്ങൾക്ക്‌ അതിരില്ല’

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

കുട്ടികൾക്ക് മന്ത്രി ടി എം തോമസ് ഐസക് ക്ലാസെടുക്കുന്നു

മാരാരിക്കുളം

കോടിക്കണക്കിന്‌ രൂപ വിനിയോഗിച്ച് സർക്കാർ ഹൈടെക്ക് സ്‌കൂൾ മന്ദിരങ്ങൾ നിർമിച്ചു നൽകുമ്പോൾ എന്ത് തിരിച്ചുനൽകും എന്ന ചോദ്യത്തിന് കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് മറുപടിയുണ്ട്. സ്‌കൂളിലെ മുഴുവൻ കുട്ടികളെയും മൂന്നുവർഷത്തിനുള്ളിൽ ഹൈടെക്ക് നിലവാരമുള്ളവരാക്കും.  ഇതിനായി ‘അറിവിടങ്ങൾക്ക് അതിരില്ല' പദ്ധതി തുടങ്ങി. മന്ത്രി ടി എം തോമസ് ഐസക് ഓൺലൈൻ ക്ലാസെടുത്ത്‌‌ ഉദ്ഘാടനം ചെയ്‌തു. കേരളത്തിൽ മുമ്പേ നടക്കാൻ ഒരുസ്‌കൂൾ വേണമെന്ന്‌ അഞ്ചുവർഷം മുമ്പ് എഴുത്തിനിരുത്ത് ചടങ്ങിൽ പങ്കെടുത്ത ഡോ. ടി എം തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു. അതിനായി കലവൂർ സ്‌കൂളിനെ തെരഞ്ഞെടുത്തത്‌.  കഥപറയുന്നതു മുതൽ അന്താരാഷ്‌ട്രതലത്തിൽ പ്രബന്ധാവതരണ ശേഷി  വികസിപ്പിച്ചെടുക്കലാണ് ലക്ഷ്യമിടുന്നത്‌. ഒരുകുട്ടിയും പിന്നിലാവില്ല എന്നതാണ് മുദ്രാവാക്യം. ഡോ. ടി പി കലാധരന്റെ നേതൃത്വത്തിൽ 44 അധ്യാപകരും എസ്‌എംസി അംഗങ്ങളും നടത്തിയ ഓൺലൈൻ  ശിൽപശാലയിലാണ് നൂതന പദ്ധതി ഉരുത്തിരിഞ്ഞത്. ആദ്യഘട്ടത്തിൽ ക്ലാസിൽനിന്ന്‌ അഞ്ചുകുട്ടികളെ വീതം 150 പേരെ തെരഞ്ഞെടുത്ത് വിവിധ മേഖലകളിലെ പ്രഗത്ഭർ ക്ലാസ്‌ നൽകും.  അഞ്ചുവർഷം മുമ്പ് ടി എം തോമസ് ഐസക്കിന്റെ നിർദേശപ്രകാരം ഭൗതിക മാസ്‌റ്റർ പ്ലാൻ തയാറാക്കി 28.85 കോടിയുടെ പദ്ധതി സ്‌കൂളിന്‌ ലഭിച്ചു. ഒന്നാംഘട്ടമായി നിർമിച്ച മൂന്നുനിലകെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തിരുന്നു. മാസ്‌റ്റർ പ്ലാൻ അംഗീകരിച്ചതോടെ വൈവിധ്യമാർന്ന പ്രവർത്തനം നടപ്പാക്കി. ‘ഒരുദിനം ഒരു പുതുമ’ പരിപാടിയോടെയായിരുന്നു തുടക്കം. 100 ഹരിതവിദ്യാലയങ്ങളിൽ ഒന്നായി.   സ്‌കൂൾ ഒരുക്കം, വീടൊരുക്കം, നാടൊരുക്കം പദ്ധതിയിൽ കുട്ടികൾ വ്യക്തിഗത, ക്ലാസുതല മാസ്‌റ്റർ പ്ലാനും തയാറാക്കി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ   ക്ലാസിൽ പാർലമെന്റ് നടത്തി. സ്‌കൂൾതലത്തിൽ 150 അംഗപാർലമെന്റ്‌ രൂപീകരിച്ചു. രക്ഷാകർത്താക്കളുടെ സൗകര്യാർഥം സായാഹ്ന ക്ലാസ് പിടിഎകളും സംഘടിപ്പിച്ചു. എസ്‌സിഇആർടി മികവുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 42 സ്‌കൂളിൽ ഒന്നായി. കലവൂർ മാതൃകയിൽ വ്യക്തിഗത മാസ്‌റ്റർ പ്ലാൻ എല്ലാ വിദ്യാലയങ്ങളിലും വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർദേശിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top