27 September Monday
കെപിസിസി അന്വേഷണ കമീഷനില്‍ നേതാക്കളുടെ മൊഴി

കോൺഗ്രസിനേറ്റത്‌ രാഷ്‌ട്രീയ പരാജയം

സ്വന്തം ലേഖകൻUpdated: Friday Jul 30, 2021
 
 
ആലപ്പുഴ 
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റത്‌ രാഷ്‌ട്രീയ പരാജയമെന്ന്‌  കെപിസിസി അന്വേഷണ കമീഷന് മുന്നിൽ തെളിവ് നൽകിയവർക്ക് ഏകാഭിപ്രായം. തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫിനെ കൈവിട്ട ന്യൂനപക്ഷ സമുദായങ്ങൾ നിയമസഭയിൽ പരസ്യമായി യുഡിഎഫ് വിരുദ്ധ സമീപനം സ്വീകരിച്ചു. ആഴക്കടൽ മത്സ്യബന്ധനമടക്കം സർക്കാരിനെതിരെ യുഡിഎഫ്‌ ഉയർത്തിയ വിവാദങ്ങൾ ചീറ്റി. ആലപ്പുഴ രൂപതയടക്കം പിണറായി സർക്കാരിനെ പ്രകീർത്തിച്ചു. യുക്തിക്കനുസരിച്ച് വോട്ട് ചെയ്യാൻ ആഹ്വാനംചെയ്‌ത്‌ വാർത്താക്കുറിപ്പ്‌ ഇറക്കി. തീരദേശ മണ്ഡലങ്ങളിൽ കാലങ്ങളായി കോൺഗ്രസിന് വോട്ട്‌ ചെയ്‌തിരുന്നവരും  കൈവിട്ടു. 
  പ്രകൃതിദുരന്തങ്ങളിലും മഹാമാരിയിലും പിണറായി സർക്കാരെടുത്ത നിലപാടുകൾ എൽഡിഎഫിന്‌ ജനകീയ അംഗീകാരം നൽകി. ദുരിതകാലത്തെ കിറ്റ് വിതരണം അടിസ്ഥാന ജനവിഭാഗങ്ങൾക്ക്‌ ആശ്വാസമായിരുന്നു. സൗജന്യ കിറ്റ്‌ വിതരണത്തിനെതിരെ യുഡിഎഫ് നേതൃത്വം കോടതിയെ സമീപിച്ചത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ അണികൾ പോലും മുഖവിലയ്‌ക്കെടുത്തില്ല.  പരാജയ  കാരണം ഇതൊക്കെയാണെന്നാണ് കമീഷനോട്‌ ഭൂരിപക്ഷം പേരും പറഞ്ഞത്.
  രണ്ട് ദിവസങ്ങളിലായാണ് കമീഷൻ തെളിവെടുപ്പ് നടത്തിയത്. സ്ഥാനാർഥികളായിരുന്ന എം മുരളി, കെ കെ ഷാജു, രമേശ് ചെന്നിത്തല തുടങ്ങിയവർ കമീഷന് മുന്നിൽ ഹാജരായില്ല. വി സി കബീർ, ഖാദർ മങ്ങാട്, പുനലൂർ മധു എന്നിവരാണ് കമീഷൻ അംഗങ്ങൾ. ബ്ലോക്ക് -–- മണ്ഡലം പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, ഡിസിസി അംഗങ്ങൾ എന്നിവരിൽനിന്നാണ് വ്യാഴാഴ്‌ച കമീഷൻ തെളിവെടുത്തത്.
സംഘടനാ 
ദൗർബല്യവും വിനയായി
ആലപ്പുഴ
ജില്ലയിൽ കോൺഗ്രസ്‌ ദയനീയമായി പരാജയപ്പെടുന്നതിൽ സംഘടനാ  ദൗർബല്യവും പ്രധാന ഘടകമായെന്ന്‌ കെപിസിസി അന്വേഷണ കമീഷന് മൊഴി. സംഘടനാ പ്രവർത്തനം ഇല്ലാതായിട്ട് വർഷങ്ങളായി. പ്രവർത്തന പരിചയമുള്ളവരെ മാറ്റി, പാർശ്വവർത്തികളെ തിരുക്കയറ്റിയാണ് ബ്ലോക്ക്, - മണ്ഡലം കമ്മിറ്റികൾ പോലും പുന:സംഘടിപ്പിച്ചത്. കോൺഗ്രസുമായി ഒരു ബന്ധവുമില്ലാത്തവരെ ഡിസിസിയിൽ പോലും ഉൾപ്പെടുത്തി.   ഈ സന്ദർഭത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. സ്വന്തക്കാരെയും തൽപ്പരകക്ഷികളെയും സ്ഥാനാർഥിയാക്കി അർഹരെ തഴഞ്ഞതോടെ കോൺഗ്രസ്‌ ആൾക്കൂട്ടം പോലുമല്ലാതായി. 
 ആലപ്പുഴ നഗരസഭയിലേക്ക് മാത്രം 16 വിമതർ മത്സരിച്ചു.  ഇവർ മത്സരിച്ച വാർഡുകളിൽ ഒന്നിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. 52ൽ 11 സീറ്റ്‌ മാത്രമാണ് കോൺഗ്രസ് ജയിച്ചത്.  നിയമസഭാ സ്ഥാനാർഥി നിർണയത്തിൽ ഇവിടെയും പിഴച്ചു. കായംകുളത്ത് മത്സരിക്കാൻ പുറപ്പെട്ട ഡിസിസി പ്രസിഡന്റ്‌ അമ്പലപ്പുഴയിലെത്തിയത് ക്ഷീണമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top