12 August Wednesday

വികസനം മുടക്കുന്ന ബിജെപിക്ക്‌ ആറ്റുവയുടെ താക്കീത്‌

സ്വന്തം ലേഖകൻUpdated: Tuesday Jun 30, 2020

ബിജെപി നിലപാടിൽ പ്രതിഷേധിച്ച് സിപിഐ എം ഇടപ്പോണിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്    
ആറ്റുവ പ്രദേശത്തിന്റെ വികസനം അട്ടിമറിക്കുന്ന ബിജെപി നിലപാടിനെതിരെ  സിപിഐ എം നേതൃത്വത്തിൽ ഇടപ്പോൺ ജങ്ഷനിൽ ധർണ നടത്തി.  ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. അജയ്ഘോഷ് അധ്യക്ഷനായി. കെ മനോഹരൻ, ജി പുരുഷോത്തമൻ, ഒ മനോജ്, കെ രതീഷ്, വി എസ് സുധീരൻ എന്നിവർ സംസാരിച്ചു. 
  ഇടപ്പോൺ ജങ്ഷൻ -–-കോയിക്കലേത്തുകടവ് റോഡ് നിർമാണം നിരന്തരമായി തടസ്സപ്പെടുത്തുന്ന ബിജെപി  സമീപനത്തിനെതിരെ പ്രതിഷേധത്തിലാണ്‌ പ്രദേശവാസികൾ. 20 വർഷമായി ബിജെപി പ്രതിനിധീകരിക്കുന്ന വാർഡാണിത്‌.  
 100 മീറ്റർ റോഡ് നവീകരണത്തിനായി 2,87,000 രൂപ നൂറനാട് പഞ്ചായത്ത് അനുവദിച്ചെങ്കിലും വാർഡ്‌ അംഗം ഇത് നടപ്പാക്കിയില്ല. എൽഡിഎഫ് ഭരിക്കുന്ന  പഞ്ചായത്ത് മൂന്ന് തവണ ടെൻഡർ നടത്തിയെങ്കിലും ഇഷ്‌ടക്കാരെ ഉപയോഗിച്ച്‌ കുറഞ്ഞ നിരക്കിൽ കരാറെടുത്ത്‌ പണി നടത്താതെ ഉഴപ്പുകയാണ്‌ ബിജെപി.  കാലാവധി കഴിഞ്ഞ് വീണ്ടും ടെൻഡർ വിളിച്ചാലും ഇതുതന്നെ തുടർക്കഥ. 
ഇടപ്പോണിലെ പ്രമുഖ  ആശുപത്രിയിലേക്ക് പോകുന്ന പഞ്ചായത്ത് റോഡാണിത്. ആശുപത്രി മോർച്ചറി, നേഴ്സിങ് സ്‌കൂൾ എന്നിവയും റോഡരികിലുണ്ട്‌.  നിരവധി കുടുംബങ്ങളുമിവിടെ താമസിക്കുന്നുണ്ട്. വർഗീയത ഉയർത്തിയും റോഡ്‌ പണി‌ക്ക്‌ തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്നു. 
  മാവേലിക്കര–-പന്തളം റോഡരികലുള്ള ആറ്റുവ പ്രദേശത്ത്‌  12 കടവുകളുണ്ട്‌. മേജർ ഇറിഗേഷൻ പദ്ധതി പ്രകാരം സർക്കാർ ചാരിക്കൽ, മംഗലശേരി കടവുകൾ ഉയർത്തി നിർമിക്കാൻ  ആരംഭിച്ചു. വാർഡിൽ കിഫ്ബി പദ്ധതിയിൽ ശാർങ്ങാവ് - എ വി മുക്ക് റോഡിന് 2.82 കോടിയും നൽകി. മുഖ്യമന്ത്രിയുടെ പ്രത്യേകഫണ്ടിൽനിന്ന് 10 ലക്ഷം രൂപ കുരിശുംമൂട് - അരയന്റയ്യത്ത് റോഡിന് അനുവദിച്ചു. ജില്ലാ പഞ്ചായത്തും ഭരണിക്കാവ്ബ്ലോക്ക് പഞ്ചായത്തും നൂറനാട് പഞ്ചായത്തും ആർ രാജേഷ് എംഎൽഎയും വികസന പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top